
അകാലത്തില്‍ പൊലിഞ്ഞ കന്നഡ താരം പുനീത് രാജ്‍കുമാറിന്റെ ജന്മവാര്‍ഷികമാണ് ഇന്ന് (Puneeth Rajkumar birthday). പുനീത് രാജ്‍കുമാറിന്റെ ആഗ്രഹമെന്നോണം ഇന്ന് 'ജെയിംസ്' പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പുനീത് രാജ്‍കുമാര്‍ എന്നും തങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്ന് എഴുതി ആശംസകള്‍ നേര്‍ന്ന ഭാവന രംഗത്ത് എത്തി.
പുനീതിന് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭാവന. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും എന്ന ടാഗുമായി പൂനീത് രാജ്‍കുമാറിന്റെ ചിത്രങ്ങളുടെ വീഡിയോയും പങ്കുവെച്ചിരിക്കുന്നു ഭാവന. അപ്പു എന്ന് വിളിച്ചാണ് ആശംസകള്‍ ഭാവന നേര്‍ന്നിരിക്കുന്നത്. പുനീത് രാജ്‍കുമാര്‍ അന്തരിച്ചപ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പ് ഭാവന പങ്കുവെച്ചിരുന്നു. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരുന്നത്. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ജാക്കീ വൻ ഹിറ്റായിരുന്നു.
'ജയിംസ്' എന്ന ചിത്രം കിഷോര്‍ പതികൊണ്ടയാണ് നിര്‍മിച്ചിരിക്കുന്നത്. കിഷോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ചേതൻ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രിയ ആന്ദ്, അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍ ശരത്‍കുമാര്‍ ഹരീഷ് പേരടി, തിലക് ശേഖറ്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ജെയിംസി'ല്‍ അഭിനയിക്കുന്നുണ്ട്. സ്വാമി ജെ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്തായാലും 'ജെയിംസ്' ചിത്രം ഏറ്റെടുത്ത് അവിസ്‍മരണീയമാക്കുകയാണ് ആരാധകര്‍.
ബാലതാരമായി വന്ന് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്‍കുമാര്‍. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകൻ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായ പുനീത് രാജ്‍കുമാര്‍ മുതിര്‍ന്നശേഷം വളരെ പെട്ടെന്നാണ് പവര്‍ സ്റ്റാറായി മാറിയത്. പുനീത് രാജ്‍കുമാര്‍ കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി മാറി. നാല്‍പ്പത്തിയാറാം വയസില്‍ അകാലത്തില്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചത് ഇന്നും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
പുനീത് രാജ്‍കുമാറിന്റേതായി 'യുവരത്‌ന'യെന്ന ചിത്രമാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. അച്ഛൻ രാജ്‍കുമാര്‍ അഭിനയിച്ച ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ പുനീത് രാജ്‍കുമാര്‍ 'അപ്പു'വിലൂടെയാണ് നായകനായി പ്രേക്ഷകരുടെ പ്രിയം നേടിയത്. അപ്പുവെന്ന വിളിപ്പേരും കിട്ടി. ദിനേശ് ബാബുവിന്റെ 'അഭി'യെന്ന ചിത്രവും ഹിറ്റായതോടെ പുനീത് രാജ്‍കുമാര്‍ മുൻനിര നായകനായി. 2017ൽ പുറത്തിറങ്ങിയ 'രാജകുമാര'യെന്ന ചിത്രം കന്നഡത്തിലെ സർവകാല ബോക്സ് ഓഫീസ് റെക്കോഡുകളും സ്വന്തമാക്കി. യാഷിന്റെ 'കെജിഎഫ്' എന്ന ചിത്രം മാത്രമാണ് രാജകുമാരയെ മറികടന്നത്. വീണ്ടും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുമായി വരാനിരിക്കെയാണ് 2021 ഒക്ടോബര്‍ 29ന് പുനീത് രാജ്‍കുമാറിനെ മരണം കവര്‍ന്നത്.