'അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം'; പിണറായി വിജയന് അഭിനന്ദനവുമായി ദേവന്‍

By Nirmal SudhakaranFirst Published Dec 18, 2020, 11:18 PM IST
Highlights

"അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ  എനിക്ക് കഴിയില്ല.."

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ അഭിനന്ദനവുമായി നടന്‍ ദേവന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സംഘടനാ കെട്ടുറപ്പ് ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒന്നാണെന്ന് വീണ്ടും തെളിഞ്ഞെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്നും ദേവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ദേവന്‍റെ കുറിപ്പ്

"ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ.. ആദ്യം തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവർത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്. പൊളിക്കാൻ കഴിയാത്ത അടിത്തറ, അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാത്ത പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിജയരഹസ്യം. ഇത് പഠനവിഷയമാക്കേണ്ടതാണ്. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്. അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ  എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാൻ അഭിനന്ദിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും. സ്നേഹാദരങ്ങളോടെ, ദേവൻ ശ്രീനിവാസൻ."

 

അതേസമയം തന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയാണ് ദേവന്‍. തൃശൂരില്‍ നിന്നാവും താന്‍ മത്സരിക്കുകയെന്നും ദേവന്‍ പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുന്നണികൾക്കുള്ള ഒരു ബദലാണ് സ൦സ്ഥാന൦ ആവശ്യപ്പെടുന്നതെന്നും ദേവന്‍ അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചും ദേവന്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും ദേവന്‍ അഭിപ്രായപ്പെട്ടിരുന്നു. 

click me!