
ഒരു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിൽ എത്തിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം പക്കാ ഫാമിലി എന്റർടെയ്നറായിട്ടായിരുന്നു എത്തിയത്. പുതുമുഖ താരം റാണിയ റാണ നായിക വേഷത്തിൽ എത്തിയ ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളും മികച്ച വേഷങ്ങളിൽ എത്തി കസറിയിരുന്നു. നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ചിത്രം. തിയറ്റർ റൺ അവസാനിപ്പിച്ച് നാല്പത്തി മൂന്നാം ദിവസം ആയിരുന്നു സിനിമയുടെ ഒടിടി സ്ട്രീമിംഗ്.
തിയറ്ററുകളിൽ നിന്നും ലഭിച്ചതിനെക്കാൾ മികച്ച പ്രതികരണമാണ് പ്രിൻസ് ആൻഡ് ഫാമിലിയ്ക്ക് ഒടിടിയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധ ഭാഷക്കാരും സിനിമ കണ്ട് പ്രശംസിച്ചിട്ടുണ്ട്. ഡീസന്റ് ആയിട്ടുള്ള ഫാമിലി എന്റർടെയ്നറാണ് പ്രിൻസ് ആൻഡ് ഫാമിലി എന്നാണ് ഒടിടി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. റാണിയ അവതരിപ്പിച്ച ചിഞ്ചു എന്ന കഥാപാത്രത്തിന്റെ വിവാഹ എൻട്രിയെ പ്രശംസിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്. ജെൻസി ടൈപ്പ് കഥാപാത്രമായിട്ടായിരുന്നു റാണിയ എത്തിയത്.
ഇതിനിടെ തിയറ്ററിൽ എത്തിയപ്പോൾ നെഗറ്റീവ് കമന്റ് പറഞ്ഞവരെ വിമർശിക്കുകയും ചെയ്യുന്നുണ്ട് ഒടിടി പ്രേക്ഷകർ. വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും എല്ലാവരും കാണ്ടിരിക്കേണ്ട കുടുംബ ചിത്രമാണിതെന്നും പറയുന്നവർ ധാരാളമാണ്.
മെയ് 9ന് ആയിരുന്നു ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമെന്ന ലേബലിൽ എത്തിയ പ്രിൻസ് ആൻഡ് ഫാമിലി തിയറ്ററുകളിൽ എത്തിയത്. ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു നിർമാണം.