മലേഷ്യയിലെ 'ജന നായകൻ' ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയ നടൻ വിജയ് ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് തമിഴ് ചലച്ചിത്ര താരവും രാഷ്ട്രീയ നേതാവുമായ വിജയ്. കരിയറിനെ അവസാന ചിത്രമായ ജന നായകന്‍റെ ഓഡിയോ ലോഞ്ച് നടന്ന മലേഷ്യയില്‍ നിന്നുള്ള മടക്കത്തിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കാത്തുനിന്നിരുന്ന വലിയൊരു സംഘം അദ്ദേഹത്തെ പൊതിയുകയായിരുന്നു. തനിക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് പോകുമ്പോഴേക്കും ശക്തമായ ഉന്തിലും തള്ളിലും അദ്ദേഹം നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ എണീറ്റ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമപ്പെട്ട് കാറിലേക്ക് കയറ്റുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ വിജയ്ക്ക് പരിക്കൊന്നും ഇല്ലെന്നാണ് അറിയുന്നത്. അതേസമയം സുരക്ഷാ വീഴ്ചയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മലേഷ്യയില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ പങ്കെടുത്ത ഓഡിയോ ലോഞ്ചില്‍ ഉണ്ടാകാത്ത കാര്യമാണ് ചെന്നൈ വിമാനത്താവളത്തില്‍ വിജയ്ക്ക് നേരിടേണ്ടിവന്നതെന്നാണ് വിമര്‍ശനത്തിന്‍റെ കാതല്‍. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ജന നായകന്‍റെ ഓഡിയോ ലോഞ്ച്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ബുകിത് ജലീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ 27 ന് ആയിരുന്നു പരിപാടി. സെപ്റ്റംബര്‍ 27 ന് വിജയ്‍ പങ്കെടുത്ത തമിഴക വെട്രി കഴകത്തിന്‍റെ കരൂര്‍ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ട പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്വാലലംപൂരിലെ ഓഡിയോ ലോഞ്ച് നടന്നത്.
ഓഡിയോ ലോഞ്ച് ഒരു രാഷ്ട്രീയ പരിപാടി ആക്കരുതെന്ന് റോയല്‍ മലേഷ്യ പൊലീസിന്‍റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രസംഗം, മുദ്രാവാക്യങ്ങള്‍, ബാനറുകള്‍, ചിഹ്നങ്ങള്‍, ടിവികെയുടെ കൊടി, ടീഷര്‍ട്ട്, ബാനര്‍ എന്നിവയൊന്നും വേദിയിലോ സ്റ്റേഡിയത്തിലോ അനുവദിച്ചില്ല. എന്തിനേറെ ടിവികെയുടെ പതാകയിലുള്ള ചുവപ്പും മഞ്ഞയും നിറങ്ങള്‍ ഒരുമിച്ച് എടുത്ത് കാണിക്കുന്ന എന്തിനും വിലക്കുണ്ടായിരുന്നു. പ്രൊഫഷണല്‍ ക്യാമറകളും ലേസര്‍ ലൈറ്റുകളുമൊന്നും സ്റ്റേഡിയത്തിലേക്ക് അനുവദിച്ചിരുന്നില്ല. പരിപാടിയോടനുബന്ധിച്ച് അതിനടുത്ത ദിവസങ്ങളില്‍ ചെന്നൈ- ക്വാലലംപൂര്‍ വിമാന നിരക്കില്‍ 40 ശതമാനം വര്‍ധന ഉണ്ടായിരുന്നു. അതേസമയം പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. ജനുവരി 9 നാണ് ആഗോള റിലീസ്. എച്ച് വിനോദ് ആണ് സംവിധാനം.



