
മമ്മൂട്ടിയെ സൂര്യനോടുപമിച്ച് പിറന്നാള്‍ ആശംസകളുമായി മകനും നടനുമായ ദുല്‍ഖര്‍. സൂര്യന്റെ ചൂടില്ലാതെ തങ്ങള്‍ അതിജീവിക്കാനാവില്ലെന്ന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു. ഭൂമി വീണ്ടും പച്ചപ്പിലാണ് എന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. മമ്മൂട്ടിയുടെ ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ദുല്‍ഖറിന്റെ കുറിപ്പ്
പ്രിയപ്പെട്ട സൂര്യന്, ചിലപ്പോഴൊക്കെ നിങ്ങള്‍ വളരെ തിളക്കത്തോടെ പ്രകാശിക്കുമ്പോള്‍, മഴമേഘങ്ങൾ നിങ്ങളെ സംരക്ഷിക്കാനായി വരും. നിങ്ങളോടുള്ള അവയുടെ സ്നേഹം വളരെ തീവ്രമാണ്. നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം അവ പരീക്ഷിക്കുന്നു. അതുകൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ചു, കാരണം നിങ്ങളുടെ ചൂടില്ലാതെ ഞങ്ങൾക്ക് അതിജീവിക്കാനാവില്ല.
അകലെയും അരികിലുമുള്ളവരെല്ലാം ഒന്നായി ഞങ്ങൾ പ്രാർത്ഥിച്ചു. പകലുകൾ രാത്രികളാണെന്ന് തോന്നിയ ഇരുണ്ട ദിനങ്ങളിൽ പോലും ഞങ്ങൾ പ്രാർത്ഥിച്ചു. ഒടുവിൽ, ആ പ്രാർത്ഥനകൾ മഴമേഘങ്ങൾക്ക് താങ്ങാവുന്നതിലും അധികമായി. ആ മേഘങ്ങൾ കീഴടങ്ങി. ഇടിമുഴക്കത്തോടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെയും അവ പൊട്ടിത്തെറിച്ചു. അവ മഴ പെയ്യിക്കുകയും നിങ്ങളോട് ഉള്ള എല്ലാ സ്നേഹവും ഞങ്ങളുടെ മേൽ വർഷിക്കുകയും ചെയ്‍തു. ഞങ്ങളുടെ ഒന്നിച്ചുള്ള പ്രാർത്ഥനകൾക്ക് ഉത്തരമായി. ഇപ്പോൾ ഞങ്ങളുടെ വരണ്ട ഭൂമി വീണ്ടും പച്ചപ്പിലാണ്. നമുക്ക് ചുറ്റും മഴവില്ലുകളും മഴത്തുള്ളികളും ഉണ്ട്. ഞങ്ങൾ സ്നേഹത്താൽ നനഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഇളംചൂടും വെളിച്ചവും പരത്തിക്കൊണ്ട് ഞങ്ങളുടെ സൂര്യൻ തിരിച്ചെത്തിയിരിക്കുന്നു. ലോകമെമ്പാടും തന്റെ ഊഷ്‍മളതയും വെളിച്ചവും വ്യാപിപ്പിക്കുന്നു. സൂര്യന് ജന്മദിനാശംസകൾ, ഉപാധികളില്ലാതെ ഞങ്ങള്‍ നിങ്ങളെ സ്‍നേഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക