
ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന അതിഥി വേഷമായിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് സിനിമയില്‍ കാണിച്ചത്. കയ്യും ശബ്‍ദവും ചൂണ്ടിക്കാട്ടി അത് മമ്മൂട്ടിയാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ദുല്‍ഖറും വേഫെര്‍ ഫിലിംസും പങ്കുവെച്ച പോസ്റ്ററാണ് മൂത്തോന്റെ സ്ഥിരീകരണം നല്‍കിയത്. മൂത്തോന് പിറന്നാള്‍ ആശംസകള്‍ എന്ന് എഴുതിയ പോസ്റ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലോക സിനിമയിലെ മൂത്തോൻ മമ്മൂട്ടി തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്നതാണ് ദുല്‍ഖറിന്റെ പോസ്റ്റ്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ഡൊമിനിക് അരുണാണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക