
മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് 'എമ്പുരാൻ'. പൃഥ്വിരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് കേരളമൊട്ടാകെ തരംഗമായി മാറിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. 'ഖുറേഷി എബ്രഹാം' എന്ന കഥപാത്രത്തെയാകും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക എന്നാണ് വിവരം. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെ കുറിച്ച് നടൻ ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കും വലിയ സിനിമയുമാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
അമേരിക്കൻ ഷെഡ്യൂൾ കഴിഞ്ഞ ശേഷം, ഇനിയും ആറ് മാസത്തോളം നീണ്ട ഷൂട്ടിങ്ങ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം.
"എമ്പുരാൻ വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാൾ സ്കെയിൽ വയ്സ് ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകൾ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളിൽ എമ്പുരാൻ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷൻ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാൻ പോകുന്ന സിനിമയാകും എമ്പുരാൻ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അത്രയധികം രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാൻ പറ്റിയൊരു സിനിമയല്ല. നിലവിൽ ഇന്ത്യയിൽ ഒരു ഷെഡ്യൂൾ കഴിഞ്ഞു. യുകെയിൽ ഒന്ന് കഴിഞ്ഞു. അമേരിക്കൻ ഷെഡ്യൂൾ അടുത്താഴ്ച തുടങ്ങാൻ പോകുന്നു. അതിലാണ് ഞാൻ ജോയിൻ ചെയ്യാൻ പോകുന്നത്. അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്. ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂൾ ഷെഡ്യൂളായി തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ സ്കെയിൽ വയ്സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്ന് എനിക്ക് തോന്നുന്നു", എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..