
'നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞാലും ഞാൻ ഇവിടെ ഉണ്ടാകും', ഒരിക്കൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ് സ്വീകരിച്ചു കൊണ്ട് ഇന്നസെന്റ് പറഞ്ഞ വാക്കുകളായിരുന്നു ഇത്. എല്ലാവരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും ആ വാക്കുകൾ ഓരോ മലയാളികളുടെ ഉള്ളിലും നോവായി തന്നെ നിൽക്കുന്നുണ്ട്. അത്രയ്ക്കുണ്ട് ഇന്നച്ചനോട് മലയാളികൾക്കുള്ള അടുപ്പം.
ഇന്നസെന്റ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമാണ്. ഇന്നസെന്റിന്റ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മന:പാഠമായിരുന്നു. പേരിലുള്ള നിഷ്‍കളങ്കത സിനിമയ്‍ക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ഇന്നസെന്റ് ശ്രമിക്കാറുണ്ടായിരുന്നു. ആ അദ്ദേഹത്തോടൊപ്പം മലയാളികൾ ചിരിച്ചത് 50 വർഷങ്ങളാണ്. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ കെ ജോസഫും ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം സ്ക്രീനിൽ മനോഹരമാക്കിയ ഓരോ കഥാപാത്രവും ഇന്നസെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ നമുടെ മനസ്സിൽ ഒരു റീലായി കടന്ന് പോകും.
ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റെ എട്ടാം ക്ലാസുകാരനായ മകൻ, നർമ്മത്തിൽ ഫുൾ എ പ്ലസുകാരനായ കഥ സിനിമയെ പോലും വെല്ലുന്നതായിരുന്നു. കോടമ്പാക്കത്തെ കണ്ണീരും കയ്പും നിറഞ്ഞ കാലം താണ്ടിയാണ് ഇന്നസെന്റ് എന്ന വ്യക്തി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. 1972ൽ നൃത്തശാല എന്ന ചിത്രത്തിൽ പത്രക്കാരന്റെ വേഷം ചെയ്തായിരുന്നു തുടക്കം.
സിനിമയിൽ പിന്നീട് അവസരങ്ങളൊന്നും കിട്ടാതായപ്പോൾ തീപ്പെട്ടി കമ്പനിയും ലെതർ ബാഗ് കച്ചവടവും ഒക്കെ അദ്ദേഹം പരീക്ഷിച്ചു. പക്ഷേ അവയൊന്നും മെച്ചപ്പെട്ടില്ല. ഒടുവിൽ ഒരു നിർമാണ കമ്പനി തുടങ്ങി. സ്വന്തമായി നിർമ്മിച്ച ഇളക്കങ്ങളിലെ കറവക്കാരന്റെ വേഷം വഴിത്തിരിവായി. ഒടുവിൽ 1989ൽ റാം ജിറാവു സ്പീക്കിംഗ് ഇറങ്ങിയതോടെ മലയാളിക്ക് ചിരിയുടെ മറുപേരായി ഇന്നസെന്റ് മാറുക ആയിരുന്നു. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.
അഭിനയജീവിതം ആരംഭിക്കുമ്പോൾ വർഷം മൂന്ന് സിനിമകൾ മാത്രം ആയിരുന്നു ഇന്നസെന്റ് ചെയ്തത്. എന്നാൽ 90കളായപ്പോഴേക്കും കഥ മാറി. വർഷം 40 ചിത്രങ്ങളിൽ വരെ ഇന്നച്ചൻ അഭിനയിച്ചു. ജീവിതത്തിൽ കണ്ടുമുട്ടിയ മുഖങ്ങളെല്ലാം ഇന്നസെന്റ് കഥാപാത്രങ്ങളിലേക്ക് പകർത്തി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും അച്ഛനായും എല്ലാം ഇന്നസെന്റ് തിളങ്ങി.
അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം കൊണ്ടുനടന്ന ആളാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെയാണ് ഏവരും പതറിപ്പോകുന്ന ഒരുരോഗത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ഇന്നസെന്റ് 'ക്യാൻസർ വാർഡിലെ ചിരി' എന്ന പേരിൽ ഒരു പുസ്തകം എഴുതിയതും. സിനിമയ്ക്ക് പുറത്ത് അദ്ദേഹം പറഞ്ഞതൊന്നും വെറും നര്‍മ്മമായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള വലിയ ദര്‍ശനങ്ങളൊക്കെ നര്‍മ്മത്തിന്‍റെ ചെറിയ ചിമിഴുകളില്‍ ഒളിപ്പിച്ച് അദ്ദേഹം അവതരിപ്പിക്കുക ആയിരുന്നു.
നടൻ എന്ന നിലയിൽ മാത്രമല്ല, മികച്ച രാഷ്ട്രീയക്കാരനും കൂടിയാണ് താനെന്ന് ഈ കാലത്തിനിടയ്ക്ക് ഇന്നസെന്റ് തെളിയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ സിനിമാ നടനെന്ന ലേബലിൽ മാത്രം നടന്നു കയറിയ വ്യക്തിത്വം ആയിരുന്നില്ല ഇന്നസെന്‍റിന്‍റേത്. പലതവണ രാഷ്ട്രീയത്തിൽ അവസരം വന്നെങ്കിലും സിനിമാ തിരക്ക് കാരണം ഒഴിഞ്ഞുമാറിയ ഇന്നസെന്‍റ് ഒടുവിൽ 2014ൽ സ്ഥാനാർഥിയാകാമെന്ന് സമ്മതിക്കുകയായിരുന്നു. യു ഡി എഫിന് മുൻതൂക്കമുണ്ടായിരുന്ന ചാലക്കുടിയിലെ ഇന്നസെന്റ് വിജയ കിരീടം ചൂടി.
2019ൽ ബെന്നി ബഹ്നാന് മുന്നിൽ പരാജയപ്പെട്ടു. എങ്കിലും ചാലക്കുടിക്കാർക്കും ഇരിങ്ങാലക്കുടക്കാർക്കും ഇന്നസെന്‍റ് എന്നും പ്രിയപ്പെട്ടവൻ തന്നെയാണ്. രാഷ്ട്രീയ ജീവിതവും അഞ്ച് പതിറ്റാണ്ടിന്റെ ചലച്ചിത്ര യാത്രയും അവസാനിപ്പിച്ച് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ കടന്നുപോയപ്പോൾ ബാക്കിയാക്കിയത് ഒരു വലിയ ചിരി ആയിരുന്നു. താമാശകൾ പറഞ്ഞു കൊണ്ട് ഇന്നസെന്റ് ചിരിക്കുമായിരുന്ന അതേ ചിരി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ