
സാംസ്കാരിക കേരളം ഒരേ മനസോടെ ആദരമർപ്പിച്ച വേർപാട് ആയിരുന്നു നടനും മുൻ എംപിയുമായ ഇന്നസെൻറിന്റേത്. 26 ന് രാത്രി 10.30 നായിരുന്നു അദ്ദേഹത്തിൻറെ വിയോഗം. അദ്ദേഹത്തിൻറെ ഓർമ്മ ദിനമായിരുന്നു ഇന്ന്. ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിലെ കല്ലറയിൽ ഇന്ന് എത്തിയവരുടെ മുന്നിൽ തെളിഞ്ഞത് സിനിമാപ്രേമികളുടെ മനസ്സിൽ അദ്ദേഹത്തെ അനശ്വരനാക്കിയ മുപ്പതോളം കഥാപാത്രങ്ങളാണ്. മാന്നാർ മത്തായിയും യശ്വന്ത് സഹായിയും (സന്ദേശം) ഉണ്ണിത്താനുമടക്കം (മണിച്ചിത്രത്താഴ്) ഇക്കൂട്ടത്തിലുണ്ട്.
ഇന്നസെൻറിൻറെ ചെറുമക്കളായ ഇന്നസെൻറ് ജൂനിയറും അന്നയുമാണ് അപ്പച്ചൻറെ കഥാപാത്രങ്ങളെ കല്ലറയിൽ കൊത്തിവെക്കാമെന്ന ആശയത്തിന് പിന്നിൽ. രാധാകൃഷ്ണൻ എന്നയാളാണ് ഇത് യാഥാർഥ്യമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രിയും പണിയെടുത്താണ് ആലേഖനം പൂർത്തിയാക്കിയത്.
'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെൻറ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്‍പീക്കിംഗ്', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. ചാലക്കുടിയില് നിന്നുള്ള എംപി എന്ന നിലയിലും വ്യക്തിപ്രഭാവം കാട്ടിയിട്ടുണ്ട് അദ്ദേഹം.
ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ 'മകൾ', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
ALSO READ : ബിഗ് ബോസ് ഇഷ്‍ടമല്ലായിരുന്നോ എന്ന് മോഹന്‍ലാല്‍; അഖില്‍ മാരാരുടെ മറുപടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ