അഭിനയം ബോറടിച്ചപ്പോള്‍ സിനിമയില്‍ നിന്ന് ലീവെടുത്ത ഇന്നസെന്‍റ്

By Web TeamFirst Published Mar 26, 2023, 11:46 PM IST
Highlights

സിനിമയില്‍ പലര്‍ക്കുമുള്ള അരക്ഷിതാവസ്ഥ തനിക്കില്ലാത്തതിനെപ്പറ്റി ഇന്നസെന്‍റ് പലപ്പോഴും മനസ് തുറന്നിട്ടുണ്ട്

അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം വിട്ടു കളിച്ചിട്ടില്ല ഇന്നസെന്‍റ്. ഫലം അദ്ദേഹം പറയുന്നത് കേള്‍ക്കാനും എഴുതുന്നത് വായിക്കാനും എപ്പോഴും ആളുകളുണ്ടായി. സിനിമയ്ക്ക് പുറത്ത് അദ്ദേഹം പറഞ്ഞതൊന്നും വെറും നര്‍മ്മമായിരുന്നില്ല. മറിച്ച് ജീവിതത്തെക്കുറിച്ചുള്ള വലിയ ദര്‍ശനങ്ങളൊക്കെ നര്‍മ്മത്തിന്‍റെ ചെറിയ ചിമിഴുകളില്‍ ഒളിപ്പിച്ച് അദ്ദേഹം അവതരിപ്പിച്ചു. അവ ഒട്ടും ആലോചിച്ച് സൃഷ്ടിക്കുന്നതല്ലെന്നതും അത്രയും സ്വാഭാവികമായി രൂപപ്പെടുന്നതാണ് എന്നതുമായിരുന്നു ആ വാക്കുകളിലെ വെളിച്ചം. കരിയറില്‍ എഴുനൂറിലേറെ സിനിമകളില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴും അവിടെയും അമിതാ​ഗ്രഹങ്ങള്‍ കൊണ്ടുനടന്നില്ല അദ്ദേഹം. മറിച്ച് അഭിനയം ബോറടിക്കുന്നു എന്ന് തോന്നുമ്പോള്‍ തിരക്കേറിയ സിനിമാ ജീവിതത്തില്‍ നിന്ന് ലീവ് എടുത്തു അദ്ദേഹം!

സിനിമയെന്നത് അതില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് അരക്ഷിതത്വം നല്‍കുന്ന മേഖല കൂടിയാണ്. സംവിധായകനായാലും നടനായാലും ഇന്ന് ലഭിക്കുന്ന അവസരം നാളെ ഉണ്ടാവുമോ എന്ന സ്വാഭാവികമായ ആധി. എന്നാല്‍ അത്തരം ആധികള്‍ക്ക് പുറത്ത് നിന്ന ആളായിരുന്നു ഇന്നസെന്‍റ്. സിനിമ മാത്രമാണ് കാര്യം എന്ന നിലയില്‍ തനിക്ക് ജീവിക്കാനാവില്ലെന്ന് ഇന്നസെന്‍റ് പറഞ്ഞിട്ടുണ്ട്. എനിക്ക് നാട്ടിലെത്തിയാല്‍ നിരവധി സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയുണ്ട്. പിന്നെ ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊക്കെയൊപ്പം ഇരിക്കുകതിന്‍റെയൊക്കെ സന്തോഷമുണ്ട്. പിന്നെ എന്‍റെ തന്നെ അഭിനയം എനിക്ക് മടുക്കാറുണ്ട്. ഒരു കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ ഇതുതന്നെയല്ലേ മറ്റേ സിനിമയിലും ചെയ്തത് എന്നൊക്കെ തോന്നും, ഇന്നസെന്‍റ് പറഞ്ഞിട്ടുണ്ട്. സിനിമാ സംബന്ധമായ തിരക്കുകള്‍ ഏറെക്കാലം തുടരുമ്പോള്‍ അദ്ദേഹം അവിടെനിന്ന് ഒരു ഒഴിവുകാലം സ്വയം എടുത്തു. നമുക്ക് ലീവ് എടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതിയൊന്നും വേണ്ടല്ലോ എന്ന് അവിടെയും തമാശ പറഞ്ഞു.

സിനിമയില്‍ പലര്‍ക്കുമുള്ള അരക്ഷിതാവസ്ഥ തനിക്കില്ലാത്തതിനെപ്പറ്റിയും ഇന്നസെന്‍റ് പറഞ്ഞിട്ടുണ്ട്- കുട്ടിക്കാലത്ത് പള്ളിയിലെ കുര്‍ബാന കാണാന്‍ പോകുമ്പോള്‍ വഴിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചില ആളുകളൊക്കെ നടത്തുന്ന പാമ്പുകളി കാണും. അത് കണ്ട് നില്‍ക്കും. പിന്നെ കുര്‍ബാന കാണല്‍ ഉണ്ടാവില്ല. തിരികെ വീട്ടിലേക്ക് പോരും. അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ സിനിമയിലേക്ക് ഞാനൊന്ന് എത്തിനോക്കി. ഇത് തരക്കേടില്ലല്ലോ. ഇതിന്‍റെ ഉള്ളില്‍ ഒന്ന് കയറിയാലോ. എന്ന് വിചാരിച്ച് ഒരു പാമ്പുകളി കാണുന്ന അതേ ലാഘവത്തോടെ സിനിമയിലേക്ക് ഒന്ന് കയറിവന്നു എന്നേയുള്ളൂ. എപ്പോള്‍ മടുക്കുന്നോ അപ്പോള്‍ നമ്മള്‍ വണ്ടിവിടും, മുന്‍പ് ഒരു അഭിമുഖത്തില്‍ ഇന്നസെന്‍റ് പറഞ്ഞു.

ALSO READ : വിങ്ങിപ്പൊട്ടി ജയറാം; ഇന്നസെന്‍റിനെ അവസാനമായി കണ്ട് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്

click me!