
മലയാളത്തിന്റെ പ്രിയ താരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് തുടരുന്ന സിനിമയിലെ ഓരോ കഥാപാത്രവും ശ്രദ്ധനേടിയിരുന്നു. അതിലൊരാളാണ് സ്നേഹ. മെർലെറ്റ് ആൻ തോമസ് എന്നാണ് നടിയുടെ പേര്.
പ്രതിനായക വേഷം ചെയ്ത സാഗർ സൂര്യയുടെ പെയർ ആയിട്ട് അഭിനയിച്ച നടിയാണ് മെർലെറ്റ് ആൻ തോമസ്. ഡെന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ആൻ, ജോലിയിൽ നിന്നും ബ്രേക്ക് എടുത്തായിരുന്നു സിനിമയിൽ അഭിനയിച്ചത്. ഏറെ ചലഞ്ചിംഗ് ആയൊരു കഥാപാത്രമായിരുന്നു സ്നേഹ എന്നാണ് ആൻ പറയുന്നത്.
"എന്റെ നാലാമത്തെ സിനിമയാണ് പണി. അതൊരു അഡാറ് പണി തന്നെയാണ്. വ്യക്തിപരമായി ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു സ്നേഹ. ന്യൂജെൻ ഗേൾ ഫ്രണ്ട് ആണ് ഞാൻ. ഇപ്പോഴുള്ള സമൂഹത്തിലെ ഒരു പെൺകുട്ടി. ഈ സിനിമ കാണുമ്പോൾ ആൻ ആയിട്ട് കാണരുത് സ്നേഹ എന്ന കഥാപാത്രമായിട്ട് കാണണം എന്ന് എന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിരുന്നു. അത് മനസിലുണ്ടാവണം എന്ന് പറഞ്ഞു. ആരും നിർബന്ധിച്ചിട്ടില്ല ഇന്റിമേറ്റ് സീനിൽ അഭിനയിച്ചത്. ആ കഥാപത്രത്തിന് ആവശ്യമായത് കൊണ്ടാണ് ആ സീനുകളിൽ അഭിനയിച്ചത്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എന്തുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. അവർക്കും ഇല്ലെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ. ആക്ടിംഗ് ഒരു പ്രൊഫഷനാണ്. എന്റെ കൺഫേർട്ട് സോൺ വിട്ട് ചെയ്ത പടമാണ്", എന്നായിരുന്നു ആനിന്റെ വാക്കുകൾ. സില്ലി മോങ് മോളിവുഡിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
പണിയിൽ ഗംഭീര പ്രകടനം കാഴ്ച വച്ച രണ്ട് പേരായിരുന്നു സാഗർ സൂര്യയും ജുനൈസും. നായകനെക്കാൾ ഇവരുടെ ഡോൺ, സിജു എന്നീ കഥാപാത്രങ്ങൾക്ക് ആരാധകരും പ്രശംസയും ഏറെ ആയിരുന്നു. പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തിയത് ജോജു ജോർജ് തന്നെ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..