
ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താരമായി വളർന്ന അഭിനേതാക്കൾ
വളരെ വിരളമായിട്ടാണെങ്കിലും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു നടനാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി പിന്നീട് സഹനടനായി വേഷമിട്ട ജോജു ഇന്ന് മലയാള സിനിമയിലെ ഹിറ്റ് സിനിമാ സംവിധായകനും നടനും ആണ്. ജോസഫ് എന്ന ചിത്രത്തിലൂടെ കരിയർ മാറിമറിഞ്ഞ ജോജു ഇപ്പോൾ തമിഴ് സിനിമയിലും താരമാണ്. കമൽഹാസൻ നായകനായി എത്തുന്ന തഗ് ലൈഫിൽ പ്രധാന വേഷത്തിൽ ജോജു എത്തുന്നുണ്ട്.
ചെറുതും വലുതുമായി 125ഓളം സിനിമകൾ ചെയ്ത ആളാണ് താനെന്ന് ജോജു ജോർജ് പറയുന്നു. തന്റെ കരച്ചിൽ ശരിയാകാത്തത് കൊണ്ട് പൃഥ്വിരാജ് ചിത്രത്തിൽ നിന്നും തന്നെ മാറ്റിയ അവസരമുണ്ടായിട്ടുണ്ടെന്നും അത് ഇൻസൾട്ട് ആയിരുന്നെങ്കിലും അങ്ങനെ തനിക്കത് തോന്നിയില്ലെന്നും ജോജു പറയുന്നു. തഗ് ലൈഫിന്റെ പ്രമോഷൻ വേദിയിൽ ആയിരുന്നു ജോജു ജോർജിന്റെ പ്രതികരണം.
ജോജു ജോർജിന്റെ വാക്കുകൾ ഇങ്ങനെ
കല്യാണ തലേന്ന് ഉത്സാവമൂഡ് ഉണ്ടാവില്ലേ. അതിന്റെ സന്തോഷത്തിലാണ് തഗ് ലൈഫ് റിലീസ് ചെയ്യാൻ പോകുന്നതിനെ എനിക്ക് ഉള്ളത്. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണത്. അംഗീകാരമാണത്. ചെറിയ വേഷങ്ങൾ തുടങ്ങി 125ഓളം സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ. അഭിനയിച്ച് ശരിയാവാതെയാണ് ഞാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് 2010ലാണ് സിനിമയിൽ ട്രൈ ചെയ്യാം എന്ന് ഒരാൾ പറയുന്നത്. 2013ൽ ഒരു കഥാപാത്രം കിട്ടി. 2018ൽ ജോസഫ് എന്ന സിനിമ സംഭവിച്ചു. കഴിഞ്ഞ വർഷം പണി എന്ന സിനിമ സംവിധാനം ചെയ്തു. നമ്മൾ കഠിനാധ്വാനം ചെയ്തിട്ട് ആരെങ്കിലും കൊള്ളാടാന്ന് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതില്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. പക്ഷേ ഒരു പ്രശംസ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതാഗ്രഹിച്ച രീതിയിൽ കിട്ടാതിരുന്നപ്പോൾ സങ്കടപ്പെട്ടിട്ടുണ്ട്. മനസിൽ മുറിവ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം നീ നല്ലൊരു നടനാണ് എന്ന് കമൽ സാർ പറഞ്ഞപ്പോൾ ഇല്ലാതായി.
എന്റെ ആദ്യ സിനിമ പൃഥ്വിരാജിന്റെ പടമായിരുന്നു. അതിൽ കരഞ്ഞ് അഭിനയിക്കേണ്ട സീനുണ്ട്. കരച്ചിൽ ശരിയാകാത്തത് കൊണ്ട് എന്നെ പറഞ്ഞ് വിട്ടു. പകരം എന്‍റെ അസിസ്റ്റന്‍റായി വന്നയാള്‍ക്ക് ആ വേഷവും കൊടുത്തു. ഇൻസൾട്ടാണ് അതെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എനിക്കത് ഇൻസൾട്ട് ആയിരുന്നില്ല. അന്ന് മുതൽ ഇങ്ങോട്ട് പഠനം അല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല. വേറെ ഒന്നും അറിയുകയും ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..