
സമീപകാലത്ത് നായകന്മാരെക്കാൾ സ്കോർ ചെയ്ത വില്ലൻ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. ജയിലർ സിനിമയിൽ വിനായകൻ ആയിരുന്നു അതിന് തുടക്കം കുറിച്ചത്. അടുത്തിടെ മലയാളത്തിൽ റിലീസായി ഏറ്റവും വലിയ ഹിറ്റായി മാറിയ തുടരുമിലെ പ്രകാശ് വർമ്മയുടെ ജോർജ് എന്ന കഥാപാത്രമാണ് മറ്റൊന്ന്. എന്നാൽ ജോർജ് സാറിന് മുൻപ് തന്നെ മലയാളികളെ ഞെട്ടിച്ച രണ്ട് വില്ലന്മാരുണ്ട്. ഡോണും സിജുവും. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണിയിലെ കഥാപാത്രങ്ങളാണ് ഇരുവരും.
ബിഗ് ബോസിലൂടെയും സോഷ്യൽ മീഡിയ, ടെലിവിഷൻ മേഖലകളിലൂടെയും സുപരിചിതരായ ജുനൈസ്, സാഗർ സൂര്യ എന്നിവരായിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററിലും ഒടിടിയിലും ഒരു പോലെ പ്രശംസ പിടിച്ചു പറ്റിയ ഇരുവരെയും ഉദാഹണമാക്കി മലയാള സിനിമയെ പുകഴ്ത്തിയിരിക്കുകയാണ് കമൽഹാസൻ ഇപ്പോൾ. പുതുതായി വന്നവർക്ക് എങ്ങനെയാണ് സിനിമ അറിയാവുന്നതെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് കമൽഹാസൻ പറയുന്നു.
തഗ് ലൈഫ് എന്ന പുതിയ സിനിമയോട് അനുബന്ധിച്ച് പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസന്റ പ്രതികരണം. "ചെറിയ ബജറ്റിലാണ് മലയാള സിനിമകൾ എടുക്കുന്നത്. അവയിലെ ചെറിയ അഭിനേതാക്കളെ പോലും ഓർമയുണ്ടാകും. അവരാരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്. പുതുതായി വന്നവർ പോലും അസാധ്യമായാണ് അഭിനയിക്കുന്നത്. ജോജു ജോർജിന്റെ സിനിമയിൽ രണ്ട് പേർ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. അവരുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷേ അവർക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തി", എന്നാണ് കമൽഹാസൻ പറഞ്ഞത്.
ഈ വീഡിയോ ജുനൈസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. "കമൽഹാസൻ എന്ന ഇതിഹാസം തങ്ങളെ അംഗീകരിക്കുന്നതിനേക്കാൾ വലിയ ബഹുമതിയില്ല", എന്നാണ് ജുനൈസ് കുറിച്ചത്. ഒപ്പം ജോജു ജോർജിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, പണി 2 വരുന്നുണ്ടെന്ന് ജോജു അടുത്തിടെ അറിയിച്ചിരുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..