നടി നോറ ഫത്തേഹിയുടെ കാർ മുംബൈയിൽ അപകടത്തിൽപ്പെട്ടു. സൺബേൺ ഫെസ്റ്റിവലിലേക്ക് പോകുന്നതിനിടെ മദ്യപിച്ചെത്തിയ ഡ്രൈവർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേൽക്കാതിരുന്ന നോറ, നിശ്ചയിച്ച പ്രകാരം പരിപാടിയിൽ പങ്കെടുത്തു

മുംബൈ: പ്രശസ്ത നടി നോറ ഫത്തേഹി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മുംബൈയിൽ നടക്കുന്ന സൺബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരാൾ ഓടിച്ചിരുന്ന വാഹനം നോറയുടെ കാറിൽ ഇടിക്കുകയായിരുന്നു എന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ നടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചികിത്സയ്ക്കായി അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനകൾക്ക് ശേഷം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ അപകടം നടന്നിട്ടും നോറ സൺബേൺ മേളയിൽ നിശ്ചയിച്ച പ്രകാരം പ്രകടനം നടത്തി. അപകടമുണ്ടാക്കിയ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് പൊലീസ് കേസെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. നടി സുരക്ഷിതയായിരിക്കുന്നു എന്ന വാർത്ത ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയത്.

സാധാരണയായി ഗോവയിൽ നടക്കാറുള്ള സൺബേൺ ഫെസ്റ്റിവൽ ഇത്തവണ മുംബൈയിലാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ 19ന് ആരംഭിച്ച ഈ മൂന്ന് ദിവസത്തെ ആഘോഷം ഡിസംബർ 21ന് അവസാനിക്കും. 2007ൽ ഗോവയിൽ ആരംഭിച്ച സൺബേൺ, 2016 മുതൽ 2018 വരെ പൂനെയിലേക്ക് മാറ്റിയിരുന്നു എങ്കിലും പിന്നീട് ഗോവയിലേക്ക് തന്നെ തിരിച്ചെത്തി. എന്നാൽ ഗോവയിൽ നേരിട്ട നിരന്തരമായ പൊതുജന പ്രതിഷേധങ്ങളും ഭരണപരമായ തടസങ്ങളും കാരണമാണ് ഇത്തവണ ആഘോഷം മുംബൈയിലേക്ക് മാറ്റാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.