kaaval: എന്റെ കഴുത്തുവരെ ചവിട്ടണമെങ്കില്‍ എത്ര ഫ്ളെക്‌സിബിളായിരിക്കണം; സുരേഷ് ​ഗോപിയെ കുറിച്ച് കിച്ചു ടെല്ലസ്

By Web TeamFirst Published Nov 26, 2021, 12:37 PM IST
Highlights

കാവലിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിച്ചത്. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ​ഗോപി(suresh gopi) ചിത്രം 'കാവൽ'(kaaval) മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. 90കളിലെ സുരേഷ് ​ഗോപിയെ തിരിച്ചു കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. കിച്ചു ടെല്ലസും(kichu tellus) ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ വില്ലനായ പൊലീസ് കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കിച്ചു പങ്കുവച്ച ഷൂട്ടിംഗ് അനുഭവമാണ് ശ്രദ്ധനേടുന്നത്. ആദ്യ ദിവസം തന്നെ സുരേഷ് ഗോപി തന്നെ ചവിട്ടുന്ന സീനായിരുന്നു ചിത്രീകരിച്ചതെന്നും കിച്ചു പറയുന്നു.

‘സെറ്റില്‍ ജോയിന്‍ ചെയ്ത ആദ്യ ദിവസം തന്നെ സുരേഷ് ചേട്ടനൊപ്പമുള്ള സീനായിരുന്നു. ആദ്യമായി സുരേഷ് ഏട്ടനെ കാണുന്നതും അപ്പോള്‍ തന്നെയായിരുന്നു. എറണാകുളത്ത് ഒരു ആശുപത്രിയില്‍ വെച്ചാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ ഞാനൊരു പൊലീസുകാരന്റെ വേഷമാണ് ചെയ്യുന്നത്. പൊലീസ് എങ്ങനെയാവണമെന്ന് മലയാളികള്‍ പഠിച്ചിരിക്കുന്നത് സുരേഷേട്ടനില്‍ നിന്നാണ്. അങ്ങനെ ഒരാളുടെ മുന്നില്‍ നമ്മള്‍ പൊലീസ് വേഷമിട്ട് നില്‍ക്കുന്നു. അദ്ദേഹം കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. അതൊക്കെ ഒരുപാട് സഹായകമായി. സുരേഷേട്ടന്‍ എന്നെ ചവിട്ടുന്ന സീനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മോനെ കാല്‍ ഇവിടംവരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു. കാണുന്ന പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്ളെക്സിബിളാണ് അദ്ദേഹം’ എന്ന് കിച്ചു ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

കാവലിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിച്ചത്. കേരളത്തില്‍ 220 തിയേറ്ററുകളിലായിരുന്നു റിലീസ്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ.

click me!