
കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞു. കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്നു. സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂർ വീട്ടുവളപ്പിൽ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് (Kottayam Pradeep) ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ' എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച 'മലയാളിയായ' തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിന്‍റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. പ്രദീപിന്‍റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീഡിയ മീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്.
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടെന്ന് പ്രദീപ് തന്നെ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഷോ തുടങ്ങുമ്പോൾ മുതൽ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകൾ കേൾക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലി, ഒരിക്കല്‍ പ്രദീപ് പറഞ്ഞു.
പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്.
തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം ശ്രദ്ധേയമായിരുന്നു. നാട്ടുകാരന്‍ അമ്മാവനും ചേട്ടന്‍ അയല്‍ക്കാരന്‍ തുടങ്ങിയ വേഷങ്ങളാണ് പ്രദീപിനെ കൂടിതലായി തേടി എത്തിയത്. ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ