അനീഷ് ടി എയുടെ നോവല്‍ കതിരാളൻ പുറത്തിറങ്ങി.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിലെ ഫസ്റ്റ് റണ്ണറപ്പാണ് അനീഷ് ടി എ. കോമണറായി എത്തി റണ്ണറപ്പായി ചരിത്രം സൃഷ്‍ടിച്ച മത്സരാര്‍ഥിയാണ് അനീഷ് ടി എ. അനീഷ് ടി എയുടെ പുതിയ നോവല്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കതിരാളൻ എന്നാണ് നോവലിന്റെ പേര്.

കതിരാളൻ എന്നെ തന്നെ സമർപ്പിച്ച് എഴുതിയ നോവലാണ്. എന്തുകൊണ്ട് ഇത്രമേൽ പ്രിയപ്പെട്ടതായി എന്നാണ് ചോദ്യമെങ്കിൽ ഞാൻ കണ്ട ജീവിതങ്ങളും, ബന്ധങ്ങളും പുസ്തകത്തിൽ ഉണ്ടായത് കൊണ്ട് എന്ന് ഉത്തരം. ഒന്ന് ഉറപ്പിച്ച് പറയട്ടെ, നിങ്ങൾ കതിരാളന് തന്ന സ്നേഹം വാക്കുകൾക്ക് അതീതമാണ്‌. അല്ലെങ്കിൽ വായിച്ചവർ എന്നെ വിളിച്ച് പുസ്തകത്തെ പറ്റി വാതോരാതെ പറയില്ലല്ലോ എന്ന് അനീഷ് ടി എ ഫേസ്ബുക്കില്‍ കുറിച്ചു.

പുസ്‍തകം എഴുതുന്നതിനെ കുറിച്ച് അനീഷ് ടി എ നേരത്തെ പറഞ്ഞത്

''ഒരു പുസ്‍തകം എഴുതണം എന്ന് ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് ജോലി ലഭിക്കുന്നത്. പിന്നെ ജോലിയുമായി മുൻപോട്ട് പോയി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇത് കൊണ്ട് കാര്യമില്ല. നമ്മളെ പുഷ് ചെയ്യേണ്ടത് നമ്മൾ തന്നെയാണ് എന്ന് എനിക്ക് മനസിലായി. എന്റെ സ്ട്രോങ്ങ് പോയിന്റെ എന്താണെന്ന് ചിന്തിച്ചപ്പോളാണ് മലയാളമാണെന്ന് മനസിലായത്. അങ്ങനെ എന്റെ ആദ്യത്തെ പുസ്‍തകംകം ആയ എൻനേരം തുഴഞ്ഞ് ഞാൻ എഴുതി പുറത്തിറക്കി. അത് ഇപ്പോൾ ബെസ്റ്റ് സെല്ലിങ് ആയി മുൻപോട്ട് പോകുന്നു.

'എൻ നേരം തുഴഞ്ഞ്' എന്ന പുസ്തകം എഴുതി കഴിഞ്ഞതിന് ശേഷം ബിഗ് ബോസ് എന്ന ആഗ്രഹം തലയ്ക്ക് പിടിച്ചു. ബിഗ് ബോസ് ഷോ എനിക്കൊരു അഡിക്ഷൻ, അല്ലെങ്കിൽ ഹരം കൊള്ളിക്കുന്ന ഒന്നായി മാറി. ആദ്യമായി ഫൈനലിലെത്തുന്ന കോമണറും ഫസ്റ്റ് റണ്ണറപ്പുമായി നിങ്ങളുടെ മുൻപിൽ അനീഷേട്ടനായി ഇങ്ങനെ നിൽക്കുന്നു. രണ്ടാമത്തെ പുസ്തകം ഉടൻ പുറത്തിറങ്ങും. അതൊരു നോവൽ ആണ്. റിസർച്ച് ചെയ്ത് എഴുതിയിരിക്കുന്ന നോവലാണ്. സാഹിത്യത്തിലേക്ക് കുറച്ച് കൂടി ആഴ്ന്നിറങ്ങിക്കൊണ്ടുള്ള പുസ്തകമാണ് ഇത്'', അനീഷ് പറഞ്ഞു.

സുപ്രഭാതം എന്ന വാക്ക് ബിഗ് ബോസിൽ ഹിറ്റാക്കി മാറ്റിയതിനെക്കുറിച്ചും അനീഷ് സംസാരിച്ചിരുന്നു. "ഞാൻ മലയാളത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. മലയാളത്തിന് വേണ്ടി എന്ത് ചെയ്യാനാവും എന്നത് എന്റെ മനസിലുണ്ട്. ഗുഡ് മോണിങ് എന്നതിന് പകരം സുപ്രഭാതം എന്ന വാക്ക് വന്ന് പോയതാണ്. മലയാളത്തെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പ്രൊമോട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് പ്രൊമോട്ട് ചെയ്യുക. അതെന്റെ കടമയാണ്," എന്നും അനീഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക