
മകൾ ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്‍ണകുമാർ. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെന്നും സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ 66 ലക്ഷം രൂപ തട്ടിയെടുക്കുകയും പിടിക്കപ്പെട്ടപ്പോൾ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും കൃഷ്‍ണകുമാർ ഫേസ്‍ബുക്കിൽ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
''എന്റെ മകൾ ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം തങ്ങളുടെ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് 66 ലക്ഷം രൂപ തട്ടിയെടുക്കുകയും പിടിക്കപ്പെട്ടപ്പോൾ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. കുറ്റപത്രത്തിൽ ഈ മൂന്ന് ജീവനക്കാരെയും അതിൽ ഒരാളുടെ ഭർത്താവിനെയും പ്രതികളായി ചേർത്തിട്ടുണ്ട്.
ഈ കേസിൽ വഴിത്തിരിവുണ്ടായത്, ആരോപണവിധേയരായ മൂന്ന് ജീവനക്കാർ തങ്ങൾ ചെയ്ത കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ദൃശ്യമാധ്യമങ്ങളെ സമീപിക്കുകയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തപ്പോഴാണ്. ഇപ്പോൾ സത്യം വിജയിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നൈതികതയും, ധാർമ്മികതയും കാത്തുസൂക്ഷിക്കണം എന്ന പൊതുവിശ്വാസത്തിന് നേരെയുള്ള ആക്രമണം കൂടിയായിരുന്നു പ്രസ്തുത വിഷയം. ഇതിൽ സത്യസന്ധതയും, വാസ്തവവും ഉയർത്തിപ്പിടിച്ച് നിലപാടെടുത്തപ്പോൾ കേരളക്കര ഒന്നടങ്കം ഞങ്ങളെ ചേർത്തു പിടിക്കുകയായിരുന്നു.
പ്രയാസഘട്ടത്തിൽ എന്റെ കുടുംബത്തോടൊപ്പം നിന്ന ഏല്ലാവർക്കും, നിരുപാധികം പിന്തുണച്ച കേരളത്തിലെ പ്രിയപ്പെട്ട ജനങ്ങളോടുമുള്ള എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി ഞാൻ ഈ അവസരത്തിൽ അറിയിക്കുന്നു'', കൃഷ്‍ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ