
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശ്രീവിദ്യ. നായികയായും അമ്മയായും തിളങ്ങിയ താരം ഇന്നും പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യയുമായുള്ള ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ കൃഷ്ണകുമാർ.
വർഷങ്ങൾക്ക് മുമ്പ് ശ്രീവിദ്യയ്ക്ക് ഒപ്പം കുടുംബസമേതം എടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാർ ഓർമകൾ കുറിക്കുന്നത്. മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഇഷാനിയെ ആയിരുന്നു. ശ്രീവിദ്യയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായാണ് തോന്നിയത്. ചിലർ അങ്ങിനെ ആണ്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകുമെന്നും കൃഷ്ണകുമാർ കുറിക്കുന്നു.
കൃഷ്ണകുമാറിന്റെ പോസ്റ്റ്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു ഹിറ്റായ സീരിയൽ വസുന്ദര മെഡിക്കൽസിന്റെ ഷൂട്ടിംഗ് നടന്ന കാലത്തു ശ്രീവിദ്യ ചേച്ചി വീട്ടിൽ വന്നപ്പോൾ എടുത്ത ഒരു ചിത്രം. ചേച്ചിയെ പരിചയപ്പെട്ടത് 1999തിൽ ശ്രി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി സിനിമയുടെ ഷൂട്ടിംങിനായി ഹരിദ്വാറിൽ പോയപ്പോൾ ആയിരുന്നു. ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തിൽ. 2003-2004ലിൽ ആണ് വസുന്ദര മെഡിക്കൽസ് ടെലികാസ്റ്റ് ചെയ്തത്. തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ആയിടക്ക് സമയമുള്ളപ്പോൾ ചേച്ചി വീട്ടിൽ വരും, കുറെ സമയം ചിലവഴിക്കും, ഭക്ഷണം കഴിക്കും. ചേച്ചി 100 % വെജിറ്റേറിയൻ ആയിരുന്നു. കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അവരിൽ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു. ചേച്ചി പറയും "എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്, സുന്ദരിയായി വരും ". സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകൾ എഴുതുമായിരുന്നു. 2006റിൽ ചേച്ചിയുടെ മരണ വാർത്ത അറിയുന്നത് മാലയോഗം എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു. ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി. ചിലർ അങ്ങിനെ ആണ്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും. അവർ നമ്മുടെ ആരുമല്ലായിരുന്നു.. പക്ഷെ ആരൊക്കയോ ആയി മാറി.. ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് ഞങ്ങളെയും..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ