
മകൾ അഹാന കൃഷ്‍ണയുടെ വിവാഹശേഷം ശ്രദ്ധ നേടി പിതാവ് കൃഷ്‍ണകുമാറിന്റെ വാക്കുകൾ. ശക്തരായ നാല് സ്ത്രീകളാണ് തന്റെ മക്കളെന്നും അവർ ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് അവർ തന്നെ കല്യാണം നടത്തുന്നുവെന്നും കൃഷ്‍ണകുമാർ പറയുന്നു. അഹാനയുടെ ഭർത്താവ് നിമിഷിന്റെ അച്ഛൻ രവിയെ തനിക്ക് വളരെക്കാലമായി അറിയാമെന്നും രവിയുടെ മകനാണ് നിമിഷ് എന്ന കാര്യമൊക്കെ പിന്നീടാണ് അറിഞ്ഞതെന്നും കൃഷ്‍ണകുമാർ കൂട്ടിച്ചേർത്തു.
''പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോളാ അറിഞ്ഞത്. പ്രണയമൊന്നും എല്ലാവരും എല്ലാവരോടും പറയത്തില്ലല്ലോ. സന്തോഷമേ ഉള്ളൂ. വളരെ കുറച്ച് പേരെയേ കല്യാണത്തിന് വിളിച്ചുള്ളൂ. എല്ലാവരും വന്നു. ഇവരൊക്കെ രാഷ്ട്രീയത്തിനപ്പുറം നമുക്ക് ഒരുപാട് കാലങ്ങളായുള്ള സൗഹൃദങ്ങളാണ്. വളരെ ചെറിയ കല്യാണമാണ് നടത്തിയത്. ഇതിനു മുൻപത്തെ കല്യാണം നിങ്ങൾ കണ്ടില്ലേ? കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചിലവ് ചുരുക്കണം. നിങ്ങൾ കല്യാണം കഴിക്കുമ്പോൾ ചെറിയ കല്യാണം കഴിക്കുക, മാതാപിതാക്കൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ നമ്മുടെ തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് ആർക്കെങ്കിലും കുറച്ച് കൊടുക്കുക കൂടി ചെയ്തേക്കണം.
വിവാഹത്തിന്റെ ചെലവൊക്കെ പിള്ളേർ തന്നെയായിരുന്നു. അവൾ തന്നെയാണ് വിവാഹത്തിൻ്റെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തത്. ഞാൻ ഒന്നും അറിഞ്ഞില്ല. ഒരു അനുഗ്രഹീതനായ അച്ഛനാണ് ഞാൻ. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ. അവർ ഉണ്ടാക്കുന്ന പണത്തിൽ നിന്ന് അവര് കല്യാണം നടത്തുന്നു, അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു. മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. അവരുടെ സ്വാതന്ത്ര്യം നമ്മുടെ കയിലല്ല ഇരിക്കുന്നത്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്. അവരുടെ ഇഷ്ടത്തിന് അവരും ജീവിക്കണം.
നിമിഷിൻ്റെ അച്ഛൻ രവി പഴയ സിനിമാ നിർമാതാവാണ്. രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. പക്ഷേ, രവിയുടെ മോനാണ് നിമിഷ് എന്നൊക്കെ പിന്നീടാണ് അറിയുന്നത്'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കൃഷ്‍ണകുമാർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ