
അമ്മ മോളിയ്ക്ക് പിറന്നാൾ ആശംസയുമായി മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. ഫെബ്രുവരി 29നാണ് അമ്മയുടെ പിറന്നാൾ. എന്നാൽ നാല് വർഷത്തിലൊരിക്കൽ മാത്രം ഫെബ്രുവരി 29 വരുന്നതിനാൽ ഇത്തവണ ഫെബ്രുവരി 28നാണ് അമ്മയുടെ പിറന്നാൾ കുഞ്ചോക്കോ ആഘോഷിക്കുന്നത്. അമ്മയ്ക്കൊപ്പമുള്ള ചെറുപ്പകാല ചിത്രത്തിനൊപ്പം ആണ് ഇത്തവണയും കുഞ്ചാക്കോ ആശംസ അറിയിച്ചിരിക്കുന്നത്.
'പിറന്നാൾ ആശംസകൾ അമ്മ. ഞങ്ങളുടെ കുടുംബത്തിലെ സ്വീറ്റെസ്റ്റായ അയൺ ലേഡി. ഡ്യൂട്ടിയിലുള്ള നിങ്ങളുടെ മകനിൽ നിന്ന് ബിഗ് സല്യൂട്ട്', എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് മോളിക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് എത്തിയത്.
'അമ്മയ്ക്ക് വയസാവാറില്ല... ഉദയ കുടുംബം അതിന്റെ ഉയർച്ചകളും താഴ്ചകളും തരണം ചെയ്ത് ഇപ്പോൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ മൂലക്കല്ല് എന്റെ അമ്മയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ചിരിച്ച മുഖത്തോടെ നേരിടുന്ന ഒരാൾ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് ഒരു എക്‌സാമ്പിളാക്കിയെടുത്ത് നമ്മുക്ക് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കും. എന്റെ അമ്മ..ആ രീതിയിൽ അമ്മ എനിക്ക് റോൾ മോഡലാണ്' എന്നാണ് കഴിഞ്ഞ വർഷം കുഞ്ചാക്കോ ബോബൻ കുറിച്ചത്.
അതേസമയം, ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററിൽ എത്തിയത്. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. 'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിച്ചത്.