'ഏതെങ്കിലും സർക്കാരിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ല സിനിമ': വിമർശനങ്ങളിൽ കുഞ്ചാക്കോ ബോബൻ

By Web TeamFirst Published Aug 11, 2022, 12:52 PM IST
Highlights

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു. 

ലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രം. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന് രേഖപ്പെടുത്തിയ പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുള്ള പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇടത് അനുകൂലികൾ വിമർശനവുമായി രം​ഗത്തെത്തി. ഇപ്പോഴിതാ ഈ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കു‍ഞ്ചാക്കോ ബോബൻ. 

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ

പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങൾ തന്നൊണ്. അതിനെക്കാൾ ഉപരി ബ്രോ‍‍ഡ് ആയി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഈ സിനിമയിൽ കുഴിമാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് സിനിമ. ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാ​ഗത്തെ മാത്രം ടാർ​ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം. ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്നങ്ങൾ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയയോ സർക്കാരിനെയോ ടാർ​ഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. 

'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; ‘ന്നാ താന്‍ കേസ് കൊട്' പോസ്റ്ററിനെതിരെ വിമര്‍ശനം

ഇന്ന് രാവിലെയാണ് വിമർശനങ്ങൾക്ക് വഴിവച്ച പോസ്റ്റർ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്തുവന്നത്. പിന്നാലെ പോസ്റ്റിന് താഴെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു. 

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'. ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്  മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം 'ഷെര്‍ണി'യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. 

click me!