
മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് 'അഞ്ചാം പാതിരാ'. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ ചിത്രം അടുത്ത വർഷം തന്നെ ഉണ്ടാകുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസുമൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 'മാജിക്കൽ പാതിര, ദൈവകൃപയാൽ 2023 വലുതും മികച്ചതുമാകും, പാർടണേഴ്സ് ഇൻ ക്രൈം' എന്നാണ് താരം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. "ഇനീം കേസ് ആയിട്ട് ഇറങ്ങിയേക്കുവാല്ലേ, അഞ്ചാം പാതിരാ 2, ആറാം പാതിരാ ലോഡിംഗ്", എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.
2021 ജനുവരിയിലാണ് 'അഞ്ചാം പാതിര'യുടെ രണ്ടാം ഭാഗം മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. 'ആറാം പാതിരാ' എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ചിത്രം 'അഞ്ചാം പാതിരാ'യുടെ തുടര്‍ച്ചയല്ല. മറിച്ച് 'അഞ്ചാം പാതിരാ'യില്‍ കുഞ്ചാക്കോ ബോബന്‍' അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്‍റെ പുതിയൊരു കേസ് അന്വേഷണമാണ് ചിത്രത്തിൽ പറയുന്നത്.
ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ഷൈജു ശ്രീധരന്‍. പ്രൊമോ സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പരസ്യകല ഓള്‍ഡ് മോങ്ക്സ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ അഗസ്റ്റിന്‍, സുജിന്‍ സുജാതന്‍. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ആക്ഷന്‍ സുപ്രീം സുന്ദര്‍. പിആര്‍ഒ എ എസ് ദിനേശ്.
ഓം ശാന്തി ഓശാന, ആട് 2 തുടങ്ങിയ ഫീല്‍ ഗുഡ്, കോമഡി ചിത്രങ്ങള്‍ ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് 'അഞ്ചാം പാതിരാ'. കുഞ്ചാക്കോ ബോബന്‍, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്, ഷറഫുദ്ദീൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ ആയിരുന്നു. തുടക്കം മുതല്‍ ഉദ്വേഗം നിലനിര്‍ത്തി പ്രേക്ഷകരെ ഒപ്പം സഞ്ചരിപ്പിച്ച ചിത്രം മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറുകളുടെ ഗണത്തില്‍ ഇടം നേടി.