
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ലാലു അലക്സ്. തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി എത്തിയതിനെ കുറിച്ചും നടന്റെ അമ്മ മരിച്ചപ്പോൾ അദ്ദേഹം വിളിച്ചതുമെല്ലാം ലാലു അലക്സ് ഓർത്തെടുത്തു. പിറവത്ത് ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ ആയിരുന്നു ലാലു അലക്സിന്റെ പ്രതികരണം.
തമിഴ്നാട്ടിൽ ജയലളിതയും എംജിആറും മരിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ജനസാഗരം ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ ഉണ്ടായിരുന്നു എന്നും ലാലു അലക്സ് പറയുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ ‘അദ്ദേഹം അങ്ങനെ ചെയ്യില്ല, അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം’ എന്ന് പറഞ്ഞ് താൻ അടക്കമുള്ള ആരും മുന്നോട്ട് വന്നില്ലെന്നും അതോർത്ത് ദുഃഖമുണ്ടെന്നും ലാലു അലക്സ് പറഞ്ഞു.
ലാലു അലക്സിന്റെ വാക്കുകൾ ഇങ്ങനെ
ഉമ്മൻ ചാണ്ടി സാറുമായി അടുത്ത് ഇടപഴകാനോ കാണാനോ സംസാരിക്കാനോ ഉള്ള അവസരമൊന്നും എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ കിട്ടിയ അവസരങ്ങൾ എല്ലാം അമൂല്യങ്ങൾ ആയിരുന്നു. പലപ്പോഴും കാണുമ്പോൾ, "എന്താ ലാലു?’" എന്ന് ചോദിച്ച് കഴിഞ്ഞാൽ അടുത്ത സെക്കൻഡ് സാർ ബിസിയാകും. അടുത്ത കാര്യവുമായി സാർ പോകും.
എന്റെ മൂത്ത മകന്റെ കല്യാണത്തിന് സാബു എന്നോടു പറഞ്ഞു, "നമുക്ക് ഉമ്മൻചാണ്ടി സാറിനെയും കൂടെ വിളിക്കാം" എന്ന്. അദ്ദേഹം ഭയങ്കര തിരിക്കായിരിക്കില്ലേ എന്നാണ് ഞാൻ ചോദിച്ചത്. വിളിച്ചു നോക്കെന്ന് സാബു പറഞ്ഞു. അങ്ങനെ സാബു നമ്പർ തന്നു. ഞാൻ വിളിച്ചു. സാർ വീട്ടിൽ വന്നു. സാബുവും സാറും ഞങ്ങളെല്ലാം കൂടി നിന്ന് ഇഷ്ടം പോലെ ഫോട്ടോയെക്കെ എടുത്തു. സാർ വന്നത് എന്റെ മോന്റെ ചന്തം ചാർത്തൽ പരിപാടിയിലാണ്.
അതുകഴിഞ്ഞ് എന്റെ അമ്മ മരിച്ചപ്പോൾ സാറിന്റെ ഫോൺ ഇങ്ങോട്ട് വന്നു. അത് ഞാൻ പ്രതീക്ഷിച്ചതല്ല. അപ്പോഴൊക്കെ സാറിന്റെ ശബ്ദത്തിനൊക്കെ മാറ്റം വന്നിരുന്നു. എങ്കിലും സാർ എന്നെ വിളിച്ചു. ആ രണ്ടുമൂന്നു സംഭവങ്ങൾ എന്റെ മനസ്സിനെ വളരെയധികം സ്പർശിച്ചു.
പക്ഷേ അതിനെക്കാൾ എല്ലാം ഉപരിയായി കേരളത്തിൽ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയക്കാരൻ ആയിരുന്നു ഉമ്മൻ ചാണ്ടി സർ. ഒരു ആവശ്യം വന്ന് വിളിച്ചാൽ അദ്ദേഹം എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുള്ള ഒരാളായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർ നമ്മെ വിട്ടുപോയി. ഇന്നല്ലെങ്കിൽ നാളെ നമ്മളും ഈ ലോകം വിട്ടു പോകണം. അങ്ങനെ ലോകം വിട്ട് പോയിട്ടും ഒരാൾ ചെയ്ത നന്മ കൊണ്ട് ആ വ്യക്തിയെ ഓർമിക്കുന്നുണ്ടെങ്കിൽ അദ്ദേഹം എത്രയോ വലിയവനാണ്.
അദ്ദേഹം ഒരു സൂര്യൻ ആയിരുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞും അദ്ദേഹത്തിന്റെ പ്രഭ കൂടുകയാണ് ചെയ്തത്. സൂര്യൻ അസ്തമിക്കുമ്പോൾ നമ്മൾ ഇരുട്ടിലേക്കാണ് പോകുന്നത്. പക്ഷേ ഉമ്മൻ ചാണ്ടി സർ ഇരുട്ടിലേക്ക് പോകില്ല, സൂര്യന്റെ പ്രകാശം ഇങ്ങനെ നിൽക്കുകയാണ്. ഭൂമി ഉരുണ്ടുകൊണ്ടിരിക്കുന്നത്. നമ്മളിൽ ഉണ്ടായിട്ടുള്ള കുറെ കുഴപ്പങ്ങൾ കാരണം നമ്മൾ അന്ധകാരത്തിലേക്ക് പോയതാണ്.
നമ്മെ വിട്ടുപോയപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിയുന്നത്. സെക്കൻഡ് ക്ലാസ് ട്രെയിനിൽ പോവുക, ഉദ്യോഗസ്ഥരുമായി വിദേശത്ത് പോകുമ്പോൾ അവരൊക്കെ ബിസിനസ് ക്ലാസിലും സാറ് ഇക്കണോമിയിലും പോകും. ഇതൊക്കെ ഇപ്പോഴാണ് ഞാൻ അറിയുന്നത്. ഇതൊക്കെ നേരത്തേ അറിയിക്കേണ്ടതായിരുന്നു. ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ അനുഭവമുണ്ട് അദ്ദേഹത്തെ പറ്റി പറയാൻ കാണും. ജയലളിത മരിച്ചപ്പോഴും എംജിആർ മരിച്ചപ്പോഴും നടന്നതിനേക്കാൾ വലിയ സംസ്കാര ചടങ്ങായിരുന്നു ഇവിടെ നടന്നത്.
ഉയിരേ..ഉയിരേ..; പാട്ട് പാടി കോളേജ് പിള്ളാരെ അമ്പരപ്പിച്ച് ഇന്ദ്രജിത്ത്, നിറഞ്ഞ കയ്യടി- വീഡിയോ
ഇപ്പോഴും ആ കല്ലറയിൽ പോയി പ്രാർത്ഥിക്കുന്നവരും മെഴുകുതിരി കത്തിക്കുന്നവരും എത്രയെത്ര പേർ. അത് വലിയൊരു മഹത്വമാണ്. അങ്ങനെ എല്ലാം ആയിരുന്ന ഉമ്മൻ ചാണ്ടി സർ ആരോപണ വിധേയനായപ്പോൾ, ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ‘ഉമ്മൻ ചാണ്ടി സാർ അങ്ങനെയൊന്നും ചെയ്യില്ല, എനിക്ക് അദ്ദേഹത്തെ അറിയാം’ എന്ന് അന്ന് പറഞ്ഞിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു. അദ്ദേഹത്തിന് ദൈവത്തിന്റെ സന്നിധിയിൽ വലിയ ഒരു സ്ഥാനം ഉണ്ടാകും എന്ന് ഉറപ്പാണ്. കാരണം അദ്ദേഹം അദ്ദേഹത്തിനു വേണ്ടിയല്ല നമുക്ക് വേണ്ടിയാണ് ജീവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ