Vismaya Case : വിസ്മയ കേസ്: അന്വേഷണ ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ച് മമ്മൂട്ടി

By Web TeamFirst Published May 25, 2022, 5:24 PM IST
Highlights

മമ്മൂട്ടിയുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ (Vismaya Case) അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിച്ച് നടൻ മമ്മൂട്ടി(Mammootty). ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. 

മമ്മൂട്ടിയുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ. കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മമ്മൂട്ടി നേരിട്ട് വിവരങ്ങൾ തിരക്കുമായിരുന്നെന്നു രാജ്‌കുമാർ പറഞ്ഞുവെന്ന്  മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. 

അതേസമയം, കഴിഞ്ഞ ദിവസമാണ് വിസ്മയ കേസിൽ വിധി വന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് (Kiran Kumar) 10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി 25 വര്‍ഷം ശിക്ഷ. ശിക്ഷ ഒന്നിച്ചായതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

കൊടിയ പീഡനം; 11 മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ വിസ്മയക്ക് നീതി; കേസിന്റെ നാൾവഴി
   
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.  

കേസിൽ കിരൺ കുറ്റക്കാരനാണെന്ന് രണ്ട് ദിവസം മുമ്പ് കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി  ഇന്നലെ  പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B),ഗാർഹിക പീഡനത്തിനെതിരായ 498 (A),ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. 

വിസ്മയ ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ...

click me!