
സിനിമ മനുഷ്യനെ വഴി തെറ്റിക്കുന്നുവെന്ന വിമർശനം തള്ളി നടൻ മമ്മൂട്ടി. സിനിമ ഉണ്ടാകുന്നതിന് മുൻപെ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ കണ്ട് ആളുകൾ ചീത്തയാകുക എന്നത് അപൂർവമാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. റോഷാക്ക് സിനിമയുടെ വിജയാഘോഷ വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു മമ്മൂട്ടി.
"എല്ലാ മനുഷ്യനിലും നന്മയും തിന്മയും ഇല്ലേ? നമ്മളാരും എല്ലാം തികഞ്ഞ മനുഷ്യരല്ല, നമ്മൾ കാണാത്ത ഒരുപാട് തിന്മകൾ നമ്മളിലെല്ലാവരിലുമുണ്ട്. നാട്ടില്‍ നടന്ന ഏറ്റവും പുതിയ ക്രൈമിൽ കണ്ടുപിടിക്കപ്പെട്ട ഒരാൾ സര്‍വസമ്മതനായ, എല്ലാവരാലും ഇഷ്ടപ്പെടുന്ന, ആർക്കും സംശയം തോന്നാത്ത, സൗമ്യനായ ഒരാളാണ്. അയാൾ ഇങ്ങനെയൊരു ക്രൈം ചെയ്തെന്ന് എങ്ങനെ വിശ്വസിക്കും. സിനിമ ഉണ്ടാകുന്നതിനുമുമ്പേ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടായിരുന്നു. സിനിമ ഉണ്ടായിട്ട് നൂറോ നൂറ്റമ്പതോ വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മനുഷ്യരാശി അതിനൊക്കെ മുമ്പേ ഉണ്ട്. സിനിമ കണ്ട് ആളുകൾ ചീത്തയാകുക എന്ന് പറയുന്നത് അപൂർവമാണ്", എന്നാണ് മമ്മൂട്ടി പറഞ്ഞത്.
അതേസമയം, പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി റോഷാക്ക് പ്രദർശനം തുടരുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ദിലീപ് എന്ന കഥാപാത്രമായി ആസിഫ് അലിയും ചിത്രത്തിൽ നിറസാന്നിധ്യമായി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നൻപകൽ നേരത്ത് മയക്കം ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഒരു ബൈക്ക് ഭ്രാന്തന്റെ ഓട്ടം'; ബുള്ളറ്റില്‍ പാഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ