
2022 മാർച്ച് 3ന് ഒരു സിനിമ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തു. പേര് ഭീഷ്മപർവ്വം. മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായ ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമ ആയിരുന്നു ഇത്. ഹിറ്റ് കോമ്പോകൾ വീണ്ടും ഒന്നിച്ചപ്പോൾ ആരാധക പ്രതീക്ഷ ഏറെ ആയിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല എന്നാണ് ആദ്യദിനം ആദ്യ ഷോയിലൂടെ മലയാളികൾ കണ്ടത്.
മൈക്കിളപ്പൻ എന്ന മമ്മൂട്ടി കഥാപാത്രവും മാസ് ആക്ഷനും പഞ്ച് ഡയലോഗുകളും ചെറുതല്ലാത്ത ഖ്യാതി തന്നെ നേടി. ഒടുവിൽ ബോക്സ് ഓഫീസിൽ അടക്കം കസറിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും പണംവാരി പടങ്ങളുടെ പട്ടിയിൽ ശ്രദ്ധേയ സ്ഥാനവും നേടി. ഇന്നിതാ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവം റിലീസ് ചെയ്തിട്ട് രണ്ട് വർഷം തികഞ്ഞിരിക്കുകയാണ്.
ഭീഷ്മയുടെ രണ്ടാം വാർഷികത്തിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ എത്ര നേടി എന്ന കണക്കുകൾ പുറത്തുവരികയാണ്. 87.65 കോടിയാണ് ആകെ മമ്മൂട്ടി ചിത്രം നേടിയതെന്ന് ഐഎംഡിബിയും പ്രമുഖ ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. 115 കോടിയുടെ ബിസിനസും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കളക്ഷന്‍ ഉള്‍പ്പടെയയുള്ള കണക്കാണിത്. അടുത്തിടെ ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച് ആരാധകർക്കിടയിൽ ചെറിയ അസ്വാരസ്യങ്ങളും വാക്കുതർക്കവും ഉടലെടുത്തിരുന്നു.
2022ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ഭീഷ്മപർവ്വം. ഐഎംഡിബി റിപ്പോർട്ട് പ്രകാരം, ഹൃദയം 55.60 കോടി, മാളികപ്പുറം 53.30കോടി, ജനഗണമന 50.85കോടി, തല്ലുമാല 47.30 കോടി, കടുവ 46.65കോടിയും നേടി. 2022ൽ റിലീസ് ചെയ്ത മറ്റ് ആറ് സിനിമകളുടെ കളക്ഷനാണിത്.
മമ്മൂട്ടിയ്ക്ക് ഒപ്പം സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഫർഹാൻ ഫാസിൽ, മാലപാർവതി, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ്, കെപിഎസി ലളിത, നെടുമുടി വേണു, ദിലീഷ് പോത്തൻ തുടങ്ങി ഒട്ടനവധി താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.