
2023 സെപ്റ്റംബർ 7ന് ഒരു പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഭ്രമയുഗം. പോസ്റ്ററിൽ ഉള്ളത് മമ്മൂട്ടി. പക്ഷേ ഇതുവരെ കാണാത്ത തികച്ചും വ്യത്യസ്തമായ ലുക്ക്. കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും നിഗൂഢത നിറഞ്ഞ ചിരി ഇതായിരുന്നു പോസ്റ്ററിലെ മമ്മൂട്ടി ലുക്ക്. കണ്ടമാത്രയിൽ തന്നെ സിനിമാ പ്രേക്ഷകർ ഒന്നിച്ച് പറഞ്ഞു, 'ഇത് ഒന്നൊന്നര സിനിമയാകും'. പിന്നീട് വന്ന അപ്ഡേറ്റുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ഞെട്ടലുളവാക്കുന്നതും. നെഗറ്റീവ് ടച്ചിൽ മമ്മൂട്ടി എത്തുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി പതിനഞ്ച് ദിവസമാണ് ഉള്ളത്. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിംഗ്, റണ്ണിംഗ് ടൈമുകൾ പുറത്തുവരികയാണ്.
ഭ്രമയുഗത്തിന്റെ സെൻസറിംഗ് കഴിഞ്ഞ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ റണ്ണിംഗ് ടൈം ഏകദേശം 140മിനിറ്റാണെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതായത് രണ്ട് മണിക്കൂറും 20 മിനിറ്റും.
പുറത്തുവന്ന ഭ്രമയുഗം അപ്ഡേറ്റുകളുടെ അടിസ്ഥാനത്തിൽ പുതിയ കാലത്തിറങ്ങുന്ന ബ്ലാക് ആൻഡ് വൈറ്റ് സിനിമയാണിത്. അങ്ങനെയാണെങ്കിൽ ഒരു പരീക്ഷണാടിസ്ഥാന ചിത്രം കൂടിയാകും ഇത്. ഇന്നത്തെ കാലത്ത് ബ്ലാക് ആൻഡ് വൈറ്റ് കോമ്പോ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നതാണ് അതിന് കാരണവും. പക്ഷേ പകർന്നാട്ടങ്ങളിൽ എന്നും വ്യത്യസ്തത തേടുന്ന മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന പ്രകടനമാകും ഭ്രമയുഗത്തിലേത് എന്ന് വ്യക്തമാണ്. അതിന് വേണ്ടിയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്.
ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ഭൂതകാലം എന്ന ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ ആണ് ഭ്രമയുഗം ഒരുക്കുന്നത്. രാഹുൽ തന്നെയാണ് തിരക്കഥയും കഥയും ഒരുക്കിയിരിക്കുന്നത്. ഡയലോഗ് ടി ഡി രാമകൃഷ്ണന്റേത് ആണ്. മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..