
പെരുമ്പളം ദ്വീപിന്റെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലം ഇന്ന് നാടിന് വേണ്ടി സമർപ്പിക്കും. ഏറെക്കാലമായി പെരുമ്പളം നിവാസികൾ അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്. ഇപ്പോഴിതാ പാലം പദ്ധതി യാഥാര്‍ത്ഥ്യമായതിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കാത്തിരിപ്പുകൾക്കും അവഗണനകൾക്കും അറുതിയാവുകയാണെന്നും തന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു പെരുമ്പളമെന്നും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്.. ദൂരമല്ല... ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ... സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ. ഒരു വിവാഹാലോചന വന്നാൽ പോലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്. എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ. ഇപ്പോൾ അവയെല്ലാം ഒരു നാടായി.
സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും... പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും
കായലിന് കുറുകെ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് നിര്‍മാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകള്‍ നിര്‍മിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ