
മലയാളത്തിന്റെ പ്രിയ കലാകാരൻ കലാഭവൻ മണി മൺമറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം തികഞ്ഞിരിക്കുകയാണ്. മലയാളികളുടെ മനസിൽ ഇന്നും മായാതെ നിലനിൽക്കുന്ന മണിയുടെ സ്മാരകം എന്ന ആശയം ഇപ്പോഴും കടലാസുകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഇതിനെതിരെ ചോദ്യവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. എത്രയോ വികസനങ്ങളുടെ പേരെണ്ണി പറയുമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നുവെന്ന് വിനയൻ ചോദിക്കുന്നു.
"കലാഭവൻ മണി ഓർമ്മയായിട്ട് പത്തു വർഷം. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്നേഹിയായആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നു. ഓർമ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാൻ എഴുതുകയും ബഹു സാംസ്കാരിക മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ജീവിച്ചിരിക്കുന്ന പല സാംസ്കാരിക നായകരും പരിഗണയ്കായി സർക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മൾ കണ്ടു. പക്ഷേ മണി മരിച്ചു പോയില്ലേ. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്", എന്നായിരുന്നു വിനയന്റെ വാക്കുകൾ.
സ്മാരകം യാഥാർത്ഥ്യമാകാത്തതിന്റെ വിഷമയം മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും പങ്കുവയ്ക്കുന്നുണ്ട്. "ചാലക്കുടിയിൽ തന്നെ പല പ്രമുഖരായ ആളുകളുടേയും പ്രഖ്യാപിച്ച സ്മാരകങ്ങൾ വന്നു കഴിഞ്ഞു. പക്ഷേ കലാഭവൻ മണി സ്മാരകം വന്നിട്ടില്ല. ഉചിതമായ സ്മാരകം തന്നെയാണ് സർക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. അതിനായി തുകകളൊക്കെ മാറ്റിവച്ചിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടോ യാഥാർത്ഥ്യത്തിലേക്ക് എത്തുന്നില്ല", എന്നാണ് രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ