'മണ്ണിന്‍റെ മക്കളോടൊപ്പം'; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മണികണ്ഠന്‍

By Web TeamFirst Published Feb 6, 2021, 1:21 PM IST
Highlights

മലയാളം, തമിഴ് സിനിമാ മേഖലകളില്‍ നിന്നും ചില താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മണികണ്ഠ രാജന്‍. കര്‍ഷകനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്‍റെ പ്രശസ്ത കവിത 'കീഴാളന്‍' എന്ന കവിത ചൊല്ലിക്കൊണ്ടാണ് മണികണ്ഠന്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്‍റെ നിലപാട് പ്രഖ്യാപിച്ചത്. "മണ്ണിനോടൊപ്പം, മണ്ണിന്‍റെ മക്കളോടൊപ്പം., കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ", മണികണ്ഠന്‍ പറഞ്ഞു.

മലയാളം, തമിഴ് സിനിമാ മേഖലകളില്‍ നിന്നും ചില താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ വിഷയത്തില്‍ പോപ് താരം റിഹാന ഉള്‍പ്പെടെയുള്ള വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്തവരാണ്. സലിം കുമാര്‍, ഹരീഷ് പേരടി, ജൂഡ് ആന്‍റണി ജോസഫ്, സലിം കുമാര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചവരാണ്. രാഷ്ട്രീയ അഭിപ്രായം പറയാന്‍ രാജ്യാതിര്‍ത്തികള്‍ തടസമാണെന്ന വാദത്തെ സ്വീകരിക്കാത്തവരുമാണ് ഇവര്‍. തമിഴ് സിനിമാലോകത്തുനിന്നും ജി വി പ്രകാശ് കുമാര്‍, വെട്രി മാരന്‍, പാ രഞ്ജിത്ത് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് ശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചവരാണ്.

റിഹാനയുടെയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെയും ട്വീറ്റുകള്‍ക്കു പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'പ്രചാരവേലയ്ക്കെതിരെ ഇന്ത്യ' എന്ന ഹാഷ് ടാഗോടെയായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. തുടര്‍ന്ന് അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്‍ഗണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സമാന നിലപാടും ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തപ്‍സി പന്നു, ഡിസൈനര്‍ ഫറ ഖാന്‍ തുടങ്ങി അപൂര്‍വ്വം ചിലരാണ് ബോളിവുഡില്‍ നിന്ന് വിഷയത്തില്‍ എതിരഭിപ്രായമുയര്‍ത്തി രംഗത്തെത്തിയത്. 

click me!