'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് നിര്‍മ്മിക്കുന്ന ക്രൈം ത്രില്ലര്‍; പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published : Feb 06, 2021, 12:04 PM ISTUpdated : Feb 06, 2021, 12:09 PM IST
'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് നിര്‍മ്മിക്കുന്ന ക്രൈം ത്രില്ലര്‍; പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Synopsis

ടി കെ രാജീവ് കുമാര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്നായിരിക്കും. വളരെ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും വലിയ വിജയമാവാന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. 

താരസംഘടനയായ 'അമ്മ' നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സംഘടനയുടെ കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് സിനിമയുടെയും പ്രഖ്യാപനം. 'ട്വന്‍റി 20' മാതൃകയില്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും. ടി കെ രാജീവ് കുമാര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്നായിരിക്കും. വളരെ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും വലിയ വിജയമാവാന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. ചിത്രത്തിനു പേര് നിര്‍ദേശിക്കാനായി പ്രേക്ഷകര്‍ക്ക് ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിക്ക് സമ്മാനം ഉണ്ടാവും.

 

ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍

'അമ്മ' സംഘടനയ്ക്കുവേണ്ടി വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു- ട്വന്‍റി 20. അതുപോലെ വീണ്ടും ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് മുന്നോട്ടുപോകാനുള്ള സാമ്പത്തിക അടിത്തറയ്ക്കുവേണ്ടി എന്തു ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചപ്പോള്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒരു ഷോ നടത്തുക ബുദ്ധിമുട്ടാണെന്ന് മനസിലായി. അങ്ങനെയാണ് ട്വന്‍റി 20 മാതൃകയില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അതിന് വളരെ ഇന്‍ററസ്റ്റിംഗ് ആയ ഒരു കഥ കിട്ടി. 135-140 ഓളം ആര്‍ട്ടിസ്റ്റുകള്‍ക്ക് അതില്‍ വര്‍ക്ക് ചെയ്യാം. അങ്ങനെയൊരു കഥയാണ്. ഇതൊരു ബൃഹത്തായ സിനിമയാണ്. അമ്മയ്ക്കുവേണ്ടി ആശിര്‍വാദ് ആണ് നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം ടി കെ രാജീവ് കുമാര്‍. വളരെ ബ്രില്യന്‍റ് ആയ ഒരു ക്രൈം ത്രില്ലര്‍ ആണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഏറ്റവും നന്നായി ഓടാവുന്ന ഒരു സിനിമയായി അത് മാറാന്‍ സാധ്യതയുണ്ട്. 

 

അത്യാധുനിക സൗകര്യങ്ങളോടെ 10 കോടിയോളം ചെലവിട്ട് കൊച്ചി കലൂരിൽ നിര്‍മ്മിച്ചിരിക്കുന്ന മന്ദിരം ഉദ്ഘാടനം ചെയ്തത് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ 100 പേര്‍ക്കായിരുന്നു പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.

PREV
click me!

Recommended Stories

'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ
ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി