
മലയാളക്കരയിൽ ഇപ്പോഴത്തെ സംസാര വിഷയം ടൊവിനോ തോമസ്(Tovino Thomas) ചിത്രം മിന്നൽ മുരളിയാണ്(Minnal Murali). മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കപ്പെട്ട സിനിമ സംവിധാനം ചെയ്തത് ബേസിൽ ജോസഫാണ്. നിരവധി പേരാണ് ചിത്രത്തെയും അണിറ പ്രവർത്തകരെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ മണികണ്ഠൻ ആചാരി(Manikandan Achari) പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
മിന്നൽ മുരളി ടീമിനും ടൊവിനോ തോമസിനും ആശംസകളുമായാണ് മണികണ്ഠൻ എത്തിയിരിക്കുന്നത്. മിന്നൽ മുരളി കണ്ടുവെന്നും വളരെ ഇഷ്ടമായെന്നും നടൻ പറഞ്ഞു. 'ഈ മനുഷ്യനാണ് എന്റെ ജീവിതത്തിലെ സൂപ്പർ ഹീറോ. സിനിമ ഒരുപ്പാട് ഇഷ്ടമായി മിന്നൽ മുരളി ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു', എന്നാണ് മണികണ്ഠൻ ആചാരി കുറിച്ചത്. ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
24ന് ഉച്ചയ്ക്ക് 1.30നായിരുന്നു മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്. മിന്നൽ മുരളി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ടോപ് ടെൻ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ സിനിമയുടെ മുന്നേറ്റം അവസാനിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിലും മിന്നൽ മുരളി സ്ഥാനം പിടിച്ചുവെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.