Valimai : ടിക്കറ്റൊന്നിന് 10 രൂപ; 'വലിമൈ' ട്രെയ്‍ലറിന് സ്പെഷല്‍ ഷോകള്‍ സംഘടിപ്പിച്ച് തമിഴ്നാട് തിയറ്ററുകള്‍

Published : Dec 30, 2021, 05:03 PM IST
Valimai : ടിക്കറ്റൊന്നിന് 10 രൂപ; 'വലിമൈ' ട്രെയ്‍ലറിന് സ്പെഷല്‍ ഷോകള്‍ സംഘടിപ്പിച്ച് തമിഴ്നാട് തിയറ്ററുകള്‍

Synopsis

രണ്ടര വര്‍ഷത്തിനു ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം

തങ്ങളുടെ പ്രിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളുടെ റിലീസ് ആരാധകര്‍ ആഘോഷമാക്കുന്നത് പുതുമയുള്ള കാര്യമല്ല. റിലീസിന് തലേദിവസം വൈകിട്ട് മുതല്‍ പ്രമുഖ റിലീസിംഗ് സെന്‍ററുകള്‍ക്കു മുന്നിലുള്ള ഡിജെ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ കേരളത്തിലും സാധാരണമാണ്. എന്നാല്‍ താരാരാധനയുടെ കാര്യത്തില്‍ ഒരുപടി കൂടി കടന്നിരിക്കുകയാണ് തമിഴ്നാട്ടിലെ സിനിമാസ്വാദകര്‍. പ്രിയതാരങ്ങളുടെ സിനിമകളുടെ ട്രെയ്‍ലറും ടീസറുമൊക്കെ ബിഗ് സ്ക്രീനില്‍ കാണുന്നതാണ് അവിടുത്തെ പുതിയ ട്രെന്‍ഡ്. ആരാധകര്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുന്‍പ് അത്തരത്തിലുള്ള സ്പെഷല്‍ ഷോകള്‍ നടത്തിയിരുന്നതെങ്കില്‍ അവരുടെ ആവേശം മനസിലാക്കി പല തിയറ്ററുകളും ഇപ്പോള്‍ സ്വന്തം നിലയില്‍ പ്രദര്‍ശനങ്ങള്‍ ക്രമീകരിക്കുകയാണ്. ഇന്ന് വൈകിട്ട് 6:30 ന് റിലീസ് ചെയ്യപ്പെടുന്ന അജിത്തിന്‍റെ 'വലിമൈ' ട്രെയ്‍ലറിനും (Valimai Trailer) തമിഴ്നാട്ടില്‍ പല പ്രധാന തിയറ്ററുകളിലും സ്പെഷല്‍ ഷോകള്‍ ഉണ്ട്.

മുന്‍പ് വിജയ് ചിത്രം മാസ്റ്ററിന്‍റെ ട്രെയ്‍ലര്‍ വന്ന സമയത്താണ് തമിഴ്നാട്ടിലെ ചില തിയറ്ററുകള്‍ ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ചില തിയറ്ററുകള്‍ ഒരു രൂപ ടിക്കറ്റ് വച്ചാണ് പ്രദര്‍ശനം നടത്തിയത്. 'വലിമൈ'യുടെ തന്നെ ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോ പുറത്തിറങ്ങിയ സമയത്ത് തിരുനെല്‍വേലിയിലെ പ്രശസ്‍ത തിയറ്ററായ റാം മുത്തുറാം സിനിമാസ് ആരാധകര്‍ക്കായി പ്രൊമോ വീഡിയോയുടെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. വലിമൈ ട്രെയ്‍ലര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നിരക്ക് പല തിയറ്ററുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

ദിണ്ഡിഗുളിലെ ഉമാ രാജേന്ദ്ര സിനിമാസിന്‍റെ ട്രെയ്‍ലര്‍ ഷോ ടിക്കറ്റുകളാണ് ട്വിറ്ററില്‍ ഏറെ പ്രചരിക്കുന്നത്. 10 രൂപയാണ് അവര്‍ ടിക്കറ്റൊന്നിന് ഈടാക്കുന്നത്. പ്രിയതാര ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ 4കെ ഡോള്‍ബി അറ്റ്മോസ് സൗകര്യത്തില്‍ കാണാം എന്നതാണ് ആരാധകരെ ആകര്‍ഷിക്കുന്ന ഘടകം. അതേസമയം വീഡിയോ എത്തുന്നതിനു മുന്‍പുതന്നെ 'വലിമൈ ട്രെയ്‍ലര്‍' എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. സീ സ്റ്റുഡിയോസ് ഒഫിഷ്യല്‍, സോണി മ്യൂസിക് സൗത്ത് എന്നീ യുട്യൂബ് ചാനലുകളിലൂടെ ഇന്ന് വൈകിട്ട് 6.30നാണ് ട്രെയ്‍ലര്‍ എത്തുക. രണ്ടര വര്‍ഷത്തിനുശേഷം എത്തുന്ന അജിത്ത് ചിത്രത്തിന്‍റെ സംവിധാനം എച്ച് വിനോദ് ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് കുമാര്‍ എത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍