'ജയിലിലാണെന്ന് ചിലര്‍ പ്രചരിപ്പിച്ച എംഎല്‍എ'; എം സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠന്‍

By Web TeamFirst Published Nov 10, 2019, 5:42 PM IST
Highlights

സുപ്രീം കോടതിയുടെ അയോധ്യാവിധിക്ക് പിന്നാലെ സ്വരാജ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.
 

അയോധ്യാവിധിക്ക് പിന്നാലെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പേരില്‍ എം സ്വരാജ് എംഎല്‍എക്കെതിരേ നിലപാടെടുത്തവരെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത സ്വരാജിനെ രാവിലെ തൃപ്പൂണിത്തുറയില്‍ വച്ച് കണ്ടെന്നും എല്ലാ വാര്‍ത്തകളും ശരിയല്ലെന്ന് നേരിട്ട് ബോധ്യമായെന്നും മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'10/11/2019 ഞായര്‍ രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ വച്ചാണ ഇദ്ദേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ. നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തക്കളും ശരിയല്ല എന്ന് എനിക്ക് നേരിട്ട് ബോധ്യമായി'', മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

സുപ്രീം കോടതിയുടെ അയോധ്യാവിധിക്ക് പിന്നാലെ സ്വരാജ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ ഇപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ' എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തേ വ്യക്തമാക്കിയിരുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

click me!