പുതിയ തമിഴ് ചിത്രമായ മെല്ലിസൈയുടെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടന്‍റെ പ്രതികരണം

ജീവിതത്തിന് ഒരു റിവേഴ്സ് ​ഗിയര്‍ ഉണ്ടെങ്കില്‍ താന്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടന്‍ കിഷോര്‍. താന്‍ അഭിനയിച്ച പുതിയ തമിഴ് ചിത്രം മെല്ലിസൈയുടെ പ്രൊമോഷന്‍റെ ഭാ​ഗമായി ഇന്ത്യ ​ഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് കിഷോറിന്‍റെ പ്രതികരണം. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ റിവേഴ്സ് പോകാന്‍ കഴിയുന്ന ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നേനെ എന്നൊരു ഡയലോ​ഗ് ചിത്രത്തിന്‍റെ ട്രെയ്‍ലറില്‍ ഉണ്ടായിരുന്നു. ഇത് ബന്ധപ്പെടുത്തിയുള്ള അവതാരകന്‍റെ ചോദ്യത്തിനാണ് കിഷോര്‍ രാഷ്ട്രീയമാനമുള്ള മറുപടി നല്‍കിയത്.

കിഷോര്‍ പറയുന്നു

ജീവിതത്തില്‍ പിന്നിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍, ഏതെങ്കിലും ഒരു കാര്യത്തെ മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യും എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. അതിന് കിഷോറിന്‍റെ മറുപടി ഇങ്ങനെ- “ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കൊടുക്കുമോ എന്ന് അറിയില്ല. എന്നാലും പറയാം. 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യയേ മാറിപ്പോയി. സമൂഹത്തില്‍ ഇന്ന് കാണുന്ന വെറുപ്പ്, അത് വളരെ അപകടകരമാണ്. അത് മാറ്റാന്‍ ദശാബ്ദങ്ങള്‍ എടുക്കും. വളരെ അപകടകാരികളായ ആളുകള്‍. ഈ സിനിമയില്‍ സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്. സ്നേഹമില്ലെങ്കില്‍ ഒന്നും ഉണ്ടാവില്ല. മനുഷ്യന് ജീവിക്കാന്‍ തന്നെ സാധിക്കില്ല. നിങ്ങള്‍ പരസ്പരം വെറുക്കുകയാണെങ്കില്‍ എങ്ങനെ ജീവിക്കാനാവും? ഈ വെറുപ്പ് നിക്ഷേപമാക്കിയിട്ടാണ് അധികാരത്തിലേക്ക് ആളുകള്‍ വരുന്നത്. അതുകൊണ്ട് അവര്‍ വളരെ അപകടകാരികളായ ആളുകളാണ്. അത് ഒരു ചെറിയ സമൂഹം ആയിരുന്നാലും ഒരു രാജ്യമായിരുന്നാലും ലോകം തന്നെ ആയിരുന്നാലും അത് അപകടകരമാണ്. അത്തരത്തിലുള്ള ആളുകളാണ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നത്. മിക്ക രാജ്യങ്ങളിലും. ട്രംപിനെ നോക്കൂ, ഇദ്ദേഹത്തെ നോക്കൂ. അത് മനുഷ്യനെപ്പോലെയുള്ള സാമൂഹിക ജീവികളെ സംബന്ധിച്ച് വളരെ അപകടകരമാണ്”, കിഷോര്‍ പറഞ്ഞു.

ധീരവ് രചനയും സംവിധാനവും നടത്തി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജനുവരി 30 ന് തിയറ്ററുകളില്‍ എത്തിയിരുന്നു. നാല് ദിവസം മുന്‍പ് നല്‍കിയ പ്രൊമോഷണല്‍ അഭിമുഖത്തിലാണ് നടന്‍റെ പരാമര്‍ശം. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴാണ് അഭിമുഖത്തിലെ ഈ ഭാ​ഗം വൈറല്‍ ആയത്. കര്‍ണാടക സ്വദേശിയായ കിഷോര്‍ നാല് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ വേഷം പുലിമുരുകനിലെ വില്ലന്‍ വേഷമായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming