'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍

By Web TeamFirst Published Oct 19, 2022, 11:42 AM IST
Highlights

'മോണ്‍സ്റ്ററി'നെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മോഹൻലാലിന്റെ വീഡിയോ.

വേറിട്ട ഒരു സിനിമയാകും ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന 'മോണ്‍സ്റ്റര്‍' എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതല്‍ മോഹൻലാല്‍ പുറത്തുവിടുന്ന വീഡിയോയില്‍ നിന്ന് അത്തരമൊരു സൂചനയാണ് ലഭിക്കുന്നത്. 'മോണ്‍സ്റ്റര്‍' കണ്ടു. വളരെ മനോഹരമായിട്ടാണ് എല്ലാവരും ചെയ്‍തിരിക്കുന്നത് എന്ന് ഇന്ന് പുറത്തുവിട്ട വീഡിയോയില്‍ മോഹൻലാല്‍ പറയുന്നു.

'മോണ്‍സ്റ്റര്‍' എന്ന് പറയുന്നത് വളരെ വ്യത്യസ്‍തമായ ഒരു ചിന്തയാണ്. ആരും അങ്ങനെ പെട്ടെന്ന് എടുക്കാൻ സാധിക്കുന്ന ഒരു പ്രമേയമല്ല. അതൊക്കെ തന്നെയാണ് അതിന്റെ പ്രത്യേകത. പുതിയ ആശയം എന്നതിലുപരി അതിനെ എങ്ങനെ സിനിമയിലൂടെ കാണിച്ചിരിക്കുന്നു എന്നതിനാലാണ്. ഒരു പുതിയ ആശയം കിട്ടിയാല്‍ അതിന്റെ അവതരിപ്പിക്കുക എന്ന ഒര ബാധ്യതയുണ്ട്. അത് ഏറ്റവും മനോഹരമായിട്ട് അതിന്റെ സംവിധായകൻ വൈശാഖ് ചെയ്‍തിരിക്കുന്നു. തിരക്കഥാകൃത്ത് എഴുതിയിരിക്കുന്നു. അതില്‍ അഭിനയിച്ചിരിക്കുന്നവരും എല്ലാവരും അവരുടെ ഭാഗങ്ങള്‍ മനോഹരമായി ചെയ്‍തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഞാൻ ആ സിനിമ കണ്ടതാണ്. ഇത്തരം വ്യത്യസ്‍മായ സിനിമകള്‍ ചെയ്യാൻ കഴിയുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എനിക്ക് ഈ സിനിമ ചെയ്‍തതില്‍ വലിയ സന്തോഷമുണ്ട്- മോഹൻലാല്‍ പറയുന്നു.

ജീത്തു ജോസഫിന്റെ ചിത്രമായ 'റാമി'ല്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 'റാമി'ന്റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹൻലാല്‍ ഇന്ന് ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മൊറോക്കോയിലാണ് ഇനി ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് പ്ലാൻ ചെയ്‍തിരിക്കുന്നത്. തൃഷയാണ് 'റാം' എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ട്വല്‍ത്ത് മാൻ' വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാൻ' സംവിധാനം ചെയ്‍തത്. ഒരു മിസ്‍റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു 'ട്വല്‍ത്ത് മാൻ'. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രാജീവ് കോവിലകം ആയിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തു ആയിരുന്നു ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.

Read More: 'കാന്താര' തെലുങ്കിലും ഹിന്ദിയിലും തിളങ്ങുന്നു, ബോക്സ് ഓഫീസില്‍ ഇതുവരെ നേടിയത്

click me!