'കാന്താര'യ്‍ക്ക് തെലുങ്കിലും ഹിന്ദിയിലും മികച്ച പ്രതികരണം.

രാജ്യമൊട്ടാകെ പ്രേക്ഷകപ്രീതി നേടി പ്രദര്‍ശനം തുടരുകയാണ് 'കാന്താര'. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം 'കാന്താര' ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം 'കാന്താര'യെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഹിന്ദി പതിപ്പ് മികച്ച പ്രതികരണം നേടുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹിന്ദി പതിപ്പിന്റെ റിലീസ് ദിവസമായ കഴിഞ്ഞ വെള്ളിയാഴ്‍ച 1.27 കോടിയും തുടര്‍ന്നുളള ദിവസങ്ങളിലായി 2.75 കോടി, 3.50 കോടി, 1.75 കോടി എന്നിങ്ങനെയും നേടി ഇതുവരെയായി മൊത്തം 9.27 കോടിയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത്. തെലുങ്ക് പതിപ്പ് ഇതുവരെ 13.50 കോടി രൂപയും നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. 'കാന്താര' മലയാളത്തിലും റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് പ്രദര്‍ശനത്തിന് എത്തുക.

Scroll to load tweet…

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?. വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു. മലയാളം പതിപ്പിന്റെ ട്രെയിലറും പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. എന്തായാലും മറ്റ് ഭാഷകളിലേക്കും 'കാന്താര' എത്തിയതോടെ ചിത്രത്തിന്റെ ബോക്സ് ഓഫീസിലും അത് വലിയ മാറ്റങ്ങള്‍ സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം 139 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ ചിത്രത്തിന്റെ തിരക്കഥയും.

Read More: എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ കാര്‍ത്തിയും