
സാധാരണക്കാരന്റെ വേഷമണിഞ്ഞ് മോഹൻലാൽ ബിഗ് സ്ക്രീനിൽ എത്തുന്നത് കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അത്തരം സിനിമകൾ നിരവധി ഉണ്ടായിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർത്തു.
നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ് തുടരും. ഒടിടിയിൽ എത്തിയപ്പോഴും തിയറ്ററിൽ ലഭിച്ച അതേ വരവേൽപ്പ് തന്നെയായിരുന്നു മോഹൻലാൽ പടത്തിന് ലഭിച്ചത്. പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട റഫറൻസുകളും സോഷ്യലിടത്ത് നിറഞ്ഞു. അത്തരത്തിൽ മറ്റ് സിനിമകളുമായി തുടരുമിനുള്ള റഫറൻസ് പോസ്റ്റ് വൈറലായിരിക്കുകയാണ്. ബിഗ് ബി, പവിത്രം, ഏയ് ഓട്ടോ, മലൈക്കോട്ടൈ വാലിബൻ, തുടങ്ങി നിരവധി സിനിമകളിലെ ഡയലോഗുകൾ തുടരുമിലുണ്ടെന്നതാണ് പോസ്റ്റ്.
'തുടരും ചില ശ്രദ്ധേയ റഫറൻസുകൾ', എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. "റാന്നി വെച്ചൂച്ചിറ ഫ്ലോർ മില്ലിന്റെ പേര്- പവിത്രം. മണിയന്റെ വീടിരിക്കുന്ന സ്ഥലം- വിയറ്റ്നാം നഗർ. "കൺ കണ്ടത് നിജം- മലൈകോട്ടയ് വാലിബൻ. ഗോ റ്റു യുവർ ക്ലാസ്സെസ്- ഏയ് ഓട്ടോ. കുറച്ചു കഞ്ഞി എടുക്കട്ടേ- ഒടിയൻ. വെട്ടിയിട്ട വാഴതണ്ട് പോലെ കിടന്നാൽ- മരക്കാർ. എടാ മണ്ടൻ കൊണാപ്പി നീ എന്നെ കൂടുതൽ മണ്ടൻ ആക്കാതെടാ- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. അവൻ ഇവിടെയല്ല അമ്മേടെ ഗർഭപാത്രത്തിൽ ഒളിച്ചിരുന്നാലും കണ്ട് പിടിക്കും- ബിഗ് ബി. ബ ബ ബ അല്ല- (തിലകന്റെ ശബ്ദം)-സ്ഫടികം. മോനേ ദിനേശാ- ജോർജ് സാറിന്റെ വിളി. നാട്ടുരാജാവ് വെള്ളമടി സീൻ", എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ റഫറൻസ് പുറത്തുവന്നതിന് പിന്നാലെ പോസ്റ്റിലില്ലാത്ത ചില കാര്യങ്ങളും കമന്റ് ബോക്സിൽ വരുന്നുണ്ട്.
ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന കോമ്പോ ഒന്നിച്ച ചിത്രം ഫാമിലി ത്രില്ലറായാണ് ഒരുങ്ങിയത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള തലത്തിൽ 235.28 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്നുമാത്രം 100 കോടി രൂപയുടെ കളക്ഷനും തുടരും നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ