
മലയാള അക്ഷരത്തിന്റെ പെരുന്തച്ചൻ യാത്രയായിരിക്കുന്നു. സാഹിത്യത്തില്‍ എന്ന പോലെ എംടി സിനിമയിലും ഒന്നാംപേരുകാരനായിരുന്നു. മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ എംടിയുടെ എഴുത്ത് പേനിയിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. അങ്ങനെ ഇതിഹാസ ജീവിതം നേടിയ കഥാപാത്രങ്ങളായ മോഹൻലാല്‍ എംടിയെ അനുസ്‍മരിച്ച് കുറിപ്പെഴുതിയിരിക്കുകയാണ്.
മോഹൻലാലിന്റെ കുറിപ്പ്.
മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്‍തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എംടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്‍തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ, പ്രാർഥനകളോടെ.
അന്തരിച്ച സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിക്കുകയും ചെയ്‍തിരുന്നു മോഹൻലാൽ. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു.എനിക്ക് നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്'. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ