
മലയാള സിനിമയ്ക്ക് തുടരെ ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചിരിക്കുകയാണ് മോഹൻലാൽ. എമ്പുരാനിലൂടെ അധോലോക നായകനായ എബ്രഹാം ഖുറേഷി ആയിരുന്നുവെങ്കിൽ തുടരുമിലൂടെ സാധാരണക്കാരനായ ഷൺമുഖനായിട്ടായിരുന്നു മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തുടരും കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബിൽ അടക്കം ഇടംപിടിച്ച് മുന്നേറുന്നതിനിടെ മോഹൻലാൽ മറ്റൊരു സിനിമയുമായി എത്തുകയാണ്.
വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പയാണ് ആ ചിത്രം. സിനിമയിൽ മോഹന്‍ലാല്‍ പ്രധാനപ്പെട്ടൊരു വേഷമാണ് കൈകാര്യം ചെയ്യുന്നത്. പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയും കണ്ണപ്പയിലുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27ന് തിയറ്ററുകളിൽ എത്തും.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മോഹൻലാൽ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. കണ്ണപ്പയിൽ, നിഗൂഢതയും ശക്തിയും കലർന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ലോകം മുഴുവൻ ചർച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതും ആയിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള സൂചന.
ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്‍റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നൽ നൽകി വിഷ്ണു മഞ്ചുവാണ് ചിത്രം നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നത്.
മോഹൻലാലിനെ പോലൊരു മുതിർന്ന സൂപ്പർസ്റ്റാറിനെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് ഒരു സ്വപ്ന സാഫല്യമാണെന്നും ചിത്രത്തിലേക്ക് ഒരു ദിവ്യ സാന്നിധ്യവും എന്തെന്നില്ലാത്തൊരു തീവ്രതയും അദ്ദേഹത്തിന്‍റെ വരവോടെ കൈവന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു. മോഹൻലാലും വിഷ്ണു മഞ്ചുവും തമ്മിൽ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ കണ്ണപ്പ ഇതിനകം ഏറെ ചർച്ചാവിഷയമാണ്. മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും പലരും പ്രശസിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും ആകർഷകമായ ചില സ്ഥലങ്ങളിൽ ചിത്രീകരിച്ച കണ്ണപ്പയുടെ ആത്മീയ ആഴത്തിനും വൈകാരികമായി പ്രതിധ്വനിക്കുന്ന ആഖ്യാനത്തിനും ലോകോത്തരമാനമാണുള്ളത്.
മെയ് 8 മുതൽ, അമേരിക്കയിൽ നിന്ന് "കണ്ണപ്പ മൂവ്മെന്‍റ്" തുടങ്ങാനിരിക്കുകയാണ്. ജൂൺ 27ന് റിലീസാകുന്ന ചിത്രത്തിന്‍റെ ആഗോള പ്രമോഷനുകൾക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‍ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാൽ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വേറിട്ട കഥപറച്ചിൽ, അതിശയിപ്പിക്കുന്ന ചില ദൃശ്യങ്ങൾ, ആത്മീയമായ മാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില സൂചനകള്‍ നൽകി ചിത്രം ഇതിനകം ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും 'കണ്ണപ്പ മൂവ്മെന്‍റ് ' ആരംഭിക്കുന്നതിലൂടെ, വിഷ്ണു മഞ്ചു തന്‍റെ സിനിമയ്ക്കുവേണ്ടിയുള്ള പ്രചരണം മാത്രമല്ല ലക്ഷ്യമിടുന്നത്, അതോടൊപ്പം ആഗോളതലത്തിൽ പ്രേക്ഷകരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ദൃശ്യ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ഒരുക്കുക കൂടിയാണ്.
വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. 'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ