
മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ വിയോഗ വേദനയിലാണ് കേരളക്കര മുഴുവൻ. സിനിമാ- സാംസ്കാരിക രംഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ചും അനുശോചനം അറിയിച്ചും രംഗത്തെത്തുന്നത്. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പറയുകയാണ് നടൻ മോഹൻലാൽ. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ ഓളവും തീരവും വരെ നിരവധി സിനിമകളിൽ തങ്ങൾക്ക് ഒരുമിച്ചഭിനയിക്കാൻ സാധിച്ചുവെന്ന് മോഹൻലാൽ പറയുന്നു.
'നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ...', എന്നാണ് മോഹൻലാൽ കുറിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 1982ൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. ഇതില്‍ കാര്യമായ ശ്രദ്ധ കിട്ടിയില്ല. ശേഷം വന്ന സിബി മലയിലിന്‍റെ ദൂരെദൂരെ കൂടു കൂട്ടാം എന്ന സിനിമയിലൂടെ മാമുക്കോയ വെള്ളിത്തിരയില്‍ തന്‍റെ സ്ഥാനം സ്വന്തമാക്കി.
'ഇങ്ങളും പോയോ ഇക്കാ..'; മാമുക്കോയയുടെ വിയോഗത്തിൽ വിങ്ങി മലയാള സിനിമ ലോകം
30 വർഷം മുമ്പുള്ള മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ