'ഇനി ദൈവത്തിന് ഒരുപാട് ചിരിക്കാം', ഇന്നസെന്റിനെ കുറിച്ച് ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി മോഹൻലാല്‍

By Web TeamFirst Published Mar 28, 2023, 10:46 AM IST
Highlights

ഞങ്ങളെയെല്ലാം കരയിച്ചുകൊണ്ട് എന്റെ ഇന്നച്ചൻ അങ്ങോട്ട് വന്നിട്ടുണ്ട്, ഇനി ദൈവത്തിന് ഒരുപാട് ചിരിക്കാം എന്നാണ് മോഹൻലാല്‍ എഴുതിയത്.
 

ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ് ഇന്നസെന്റും മോഹൻലാലും. സിനിമയ്‍ക്കു പുറത്തും ഇന്നസെന്റും മോഹൻലാലും കഥാപാത്രങ്ങള്‍ക്കപ്പുറത്തെ സൌഹൃദം കാത്തുസൂക്ഷിച്ചു. ഇന്നസെന്റ് പോയി എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മോഹൻലാല്‍ പറയുന്നതും അതുകൊണ്ടാണ്. ഇനി ദൈവത്തിന് ചിരിക്കാം എന്നാണ് ഇന്നസെന്റിന്റെ മടക്കത്തെ കുറിച്ച് മോഹൻലാല്‍ മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

ഇന്നസെന്റില്‍ നിന്ന് ഒരു കാര്യവും മനപൂര്‍വം മറച്ചുവയ്‍ക്കാൻ ആകില്ലായിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹം അത് അറിയും. ഇന്നസെന്റില്‍ മാത്രം ഞാൻ കണ്ട ഒരു സിദ്ധി വിശേഷമായിരുന്നു അത്. എപ്പോഴും ജാഗ്രതയോടെയുള്ള ബുദ്ധിയും കാതുകളും സൂക്ഷ്‍മമായ നിരീക്ഷണപാടവവുമുള്ള കണ്ണുകളായിരുന്നു ഇന്നച്ചന്റേത് എന്ന് മോഹൻലാല്‍ എഴുതുന്നു.

എപ്പോഴും ദൈവത്തോട് സംസാരിക്കാനും ദൈവത്തെ പറ്റിക്കാനുമൊക്കെയുള്ള ഒരു കുറുമ്പ് മനസ് ഇന്നസെന്റിനുണ്ടായിരുന്നു. ദൈവവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ഇന്നസെന്റ് എഴുതിയിട്ടുണ്ട്. അറിവിലും അനുഭവത്തിലുമുപരിയായുള്ള ജ്ഞാനത്തില്‍ നിന്ന് മാത്രമേ ഇത്തരത്തിലുള്ള ഒരു കാഴ്‍ചപ്പാടുണ്ടാവൂ.

ദൈവത്തോട് ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം എന്നാണ് മാതൃഭൂമിയിലെ കുറിപ്പില്‍ മോഹൻലാല്‍ ഏറ്റവുമൊടുവിലത്തെ വാചകമായി എഴുതിയിരിക്കുന്നത്. ഞങ്ങളെയെല്ലാം കരയിച്ചുകൊണ്ട് എന്റെ ഇന്നച്ചൻ അങ്ങോട്ട് വന്നിട്ടുണ്ട്, ഇനി നിങ്ങള്‍ക്ക് ഒരുപാട് ചിരിക്കാം. നടൻ ഇന്നസെന്റിന് അന്ത്യാജ്ഞലി അര്‍പ്പിക്കാൻ മോഹൻലാല്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടില്‍ എത്തിയായിരുന്നു മോഹൻലാല്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്.

നടൻ ഇന്നസെന്റിന്റെ ചിരി കഥാപാത്രങ്ങളില്‍ ഉള്‍പ്പെടാത്ത വേറിട്ട ഹിറ്റ് വേഷവും മോഹൻലാലിനൊപ്പമുള്ളതായിരുന്നു. 'ദേവാസുര'ത്തില്‍ 'നീലകണ്ഠനാ'യി മോഹൻലാല്‍ നിറഞ്ഞാടിയപ്പോള്‍ 'വാര്യരെ'ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും പ്രേക്ഷകരുടെ പ്രിയങ്കരനായി. ഇന്നസെന്റിലേക്ക് ആ കഥാപാത്രം എത്തുന്നതും മോഹൻലാല്‍ വഴിയായിരുന്നു. 'വാര്യര്‍' എന്ന കഥാപാത്രം തന്നിലേക്ക് എത്തിയത് എങ്ങനെയെന്ന് ഇന്നസെന്റ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം മോഹന്‍ലാല്‍ മുറിയില്‍ വന്ന് മുഖവുരയൊന്നുമില്ലാതെ എന്നോടു പറഞ്ഞു. ശശി സാര്‍ എന്നെവച്ച് ഒരു സിനിമ ചെയ്യുന്നു. 'ദേവാസുര'മെന്നാണ് പേര്. രഞ്‍ജിത്താണ് തിരക്കഥാകൃത്ത് അതിലൊരു വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്‍താല്‍ നല്ലതായിരിക്കുമെന്നുമായിരുന്നു പറഞ്ഞത്. ഇത്രയും പറഞ്ഞിട്ട് 'ദേവാസുര'ത്തിന്റെ തിരക്കഥ മോഹന്‍ലാല്‍ തനിക്ക് തരുകയുമായിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്.  തിരക്കഥ വായിച്ചശേഷം ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. 'ദേവാസുര'ത്തിന്റെ സ്‍ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ 'വാര്യരു'ടെ വേഷം ചെയ്യുന്നു, 'നീലകണ്ഠാ'. മോഹന്‍ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.  ഇങ്ങനെയുള്ള 'വാര്യരെ'യാണ് എനിക്ക് ഇഷ്‍ടം.

തനിക്ക് ഭ്രാന്ത് വരരുതെന്നേയെന്ന് മോഹന്‍ലാല്‍ പ്രാര്‍ഥിക്കുന്ന കഥയും ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പ്രാര്‍ഥിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ ബുദ്ധിമോശംകൊണ്ട് പല കാര്യങ്ങളും നിങ്ങളോടു തുറന്നുപറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഭ്രാന്തെങ്ങാനും വന്നാല്‍ അതെല്ലാം ലോകമറിയുമല്ലോ എന്നാണെന്റെ ഭയം, അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഇപ്പോള്‍ സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്'.

Read More: 'ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്, ലാലേട്ടൻ പറഞ്ഞു', ഹരീഷ് പേരടി

click me!