'മനുഷ്യരില്‍ കൊലയാളികള്‍ ഉണ്ടെന്നുകരുതി മനുഷ്യവംശത്തെ മുഴുവന്‍ കൊന്നൊടുക്കുമോ'? തെരുവ് നായ വിഷയത്തില്‍ മൃദുല

By Web TeamFirst Published Sep 13, 2022, 12:25 PM IST
Highlights

നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന ഹാഷ് ടാഗുമായാണ് ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ മൃദുല മുരളിയുടെ പ്രതികരണം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഇതിന് എന്താണ് പ്രതിവിധിയെന്ന ചര്‍ച്ചകളും സജീവമാണ്. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതേസമയം നായ്ക്കളെ കൊല്ലരുതെന്നും മറിച്ച് അവയെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെടുന്ന മൃഗസ്നേഹികളുമുണ്ട്. ഇപ്പോഴിതാ ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.

നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന ഹാഷ് ടാഗുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ മൃദുല മുരളിയുടെ പ്രതികരണം. "ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കൊലപാതകികളും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അതിനുള്ള പരിഹാരം എന്നത് മുഴുവന്‍ മനുഷ്യകുലത്തെയും കൊന്നൊടുക്കുക എന്നതാണോ? അങ്ങനെയാണോ ഇത് പ്രവര്‍ത്തിക്കുന്നത്"?, എന്നാണ് മൃദുലയുടെ കുറിപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നതിനു പകരം കൂടുകള്‍ ഒരുക്കുകയാണ് വേണ്ടതെന്നും മൃദുല പറയുന്നുണ്ട്.

പോസ്റ്റിനു താഴെ വിമര്‍ശനാത്മകമായ പല കമന്‍റുകള്‍ക്കും മൃദുല മറുപടി പറഞ്ഞിട്ടുമുണ്ട്. 'എന്നാല്‍ താങ്കള്‍ക്ക് ഇവയെ ദത്തെടുത്തുകൂടേ' എന്ന ചോദ്യത്തിന് വിഡ്ഢിത്തം പറയാതിരിക്കൂ എന്നാണ് മൃദുലയുടെ പ്രതികരണം. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെയാണ് താന്‍ ശബ്ദം ഉയര്‍ത്തുന്നതെന്നും കൂടുതല്‍ മൃഗക്കൂടുകള്‍ സ്ഥാപിക്കണമെന്നാണ് താന്‍ പറയുന്നതെന്നും മൃദുല കുറിച്ചു. 'ഇറങ്ങി, ഇറങ്ങി. ആളുകള്‍ ഇറങ്ങി' എന്നാണ് മറ്റൊരാളുടെ കമന്‍റ്. 'ഇറങ്ങണോല്ലോ, ആ പാവങ്ങള്‍ക്ക് അതിന് പറ്റൂല്ലല്ലോ' എന്നാണ് ഇതിന് മൃദുലയുടെ മറുപടി. 

ALSO READ : ഒളിമാരനെ മറന്നില്ല വിക്രം; മരണമടഞ്ഞ സഹായിയുടെ മകന്‍റെ വിവാഹത്തിന് താലി കൈമാറാനെത്തി: വീഡിയോ

റോഡിലൂടെ നടന്നുനോക്ക് എന്നാണ് ഒരു കമന്‍റ്. ഇതിന് മൃദുലയുടെ പ്രതികരണം ഇങ്ങനെ- "ഞാനും നടക്കുന്ന റോഡിലൂടെ തന്നെയാ മാഷേ നിങ്ങളും നടക്കുന്നത്. തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. പ്രശ്നത്തിന് അതിലും മികച്ച മാര്‍ഗങ്ങള്‍ ഉണ്ട്", മൃദുല മുരളി കുറിച്ചു.

click me!