തിരുപ്പോരൂര്‍ കന്തസാമി ക്ഷേത്രത്തിലായിരുന്നു വിവാഹം

ഒപ്പം പ്രവര്‍ത്തിക്കുന്നവരോട് ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ് നടന്‍ വിക്രം, അത് സിനിമയിലായാലും പുറത്തായാലും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിക്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍ ആവുകയാണ്. 40 വര്‍ഷത്തോളം വിക്രത്തിന്‍റെ വീട്ടുജോലിക്കാരനായി പ്രവര്‍ത്തിച്ച ഒളിമാരന്‍റെ മകന്‍ ദീപക്കിന്‍റെയും വര്‍ഷിണിയുടെയും വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ ആണത്. അടുത്തിടെയായിരുന്നു ഒഴിമാരന്‍റെ മരണം. അദ്ദേഹത്തിന്‍റെ ഭാര്യ മേരിയും ദീര്‍ഘകാലമായി വിക്രത്തിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. 

തിരുപ്പോരൂര്‍ കന്തസാമി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൃത്യസമയത്തു തന്നെ വിക്രം എത്തി. വെള്ള സില്‍ക്ക് ജൂബയും മുണ്ടുമായിരുന്നു അദ്ദേഹത്തിന്‍റെ വേഷം. വിക്രം എത്തുന്നതറിഞ്ഞ് അദ്ദേഹത്തിന്‍റെ ആരാധകരുടെ വലിയ സംഘവും ക്ഷേത്രവളപ്പില്‍ എത്തിയിരുന്നു. വിവാഹച്ചടങ്ങില്‍ താലി കൈമാറ്റം നടത്തിയതും വിക്രമാണ്.

ALSO READ : 'എണ്‍പതുകളിലെ എന്‍റെ വിമര്‍ശകര്‍ ഇപ്പോള്‍ ഇവിടെയില്ല'; അച്ഛന്‍ നല്‍കിയ മറുപടിയെക്കുറിച്ച് ദുല്‍ഖര്‍

Scroll to load tweet…

അതേസമയം കോബ്രയാണ് വിക്രത്തിന്റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം സമീപകാലത്ത് തമിഴില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഒരാഴ്ചത്തെ ആ​ഗോള ​ഗ്രോസ് 63.5 കോടിയാണ്. ഇതില്‍ 1.87 മില്യണ്‍ ഡോളര്‍ (15 കോടി രൂപ) വിദേശ കളക്ഷനും ബാക്കിയുള്ളത് ഇന്ത്യയില്‍ നിന്ന് ലഭിച്ചതുമാണ്. തമിഴ്നാട്ടില്‍ നിന്നാണ് ചിത്രത്തിന് ലഭിച്ച കളക്ഷനില്‍ വലിയൊരു പങ്കും എത്തിയിരിക്കുന്നത്. 28.78 കോടിയാണ് തമിഴ്നാട് കളക്ഷന്‍.