പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത് ഞാനല്ല, പൊലീസിൽ പരാതി നൽകി നടൻ നസ്‍ലെൻ

By Web TeamFirst Published Sep 19, 2022, 5:10 PM IST
Highlights

തനിക്ക് ഫേസ്‍ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‍ലെന്‍റെ പരാതിയിലെ ആവശ്യം.

ന്റെ പേരിലുളള വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിനെതിരെ യുവ നടൻ നസ്‍ലെൻ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് നസ്‍ലെൻ പരാതി നൽകിയത്. തനിക്ക് ഫേസ്‍ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‍ലെന്‍റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരിൽ താൻ സൈബർ ആക്രമണം നേരിടുകയാണെന്നും നടൻ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്‍ബുക്ക് പോസ്റ്റിന് കീഴിൽ നസ്‍ലെന്‍റെ പേരും ഫോട്ടോയുമുള്ള ഐ‍ഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത്. ഇത് തന്‍റെ പേരും ചിത്രവും ഉപയോ​ഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നസ്‍ലെൻ. സംഭവത്തില്‍ കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും നസ്‍ലെൻ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം നസ്‍ലെൻ ചേര്‍ത്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naslen (@naslenofficial)

കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിഞ്ഞതെന്നും നസ്‍ലെൻ പറയുന്നു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും നസ്‍ലെൻ പറഞ്ഞു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്‍ലെൻ പറയുന്നു. തണ്ണീർ മത്തൻ, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളില്‍ നസ്‍ലെൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

tags
click me!