
കേരളക്കരയെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തം. ഒട്ടനവധി പേരുടെ ജീവനാണ് ഒരുരാത്രി കൊണ്ട് പൊലിഞ്ഞത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ ആണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ നടത്തിവരികയാണ്. ഉറ്റവരെ നഷ്ടപ്പെട്ട ഒട്ടനവധി പേർ വിവിധ ക്യാമ്പുകളിലായി കഴിയുന്നതിനിടെ ഇവർക്ക് ആവശ്യമായ സഹായവുമായി സിനിമാ-രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള ഒട്ടനവധി പേർ രംഗത്ത് എത്തുകയാണ്.
ഇപ്പോഴിതാ ദുരന്തബാധിതർക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ലേഡി സുപ്പർ സ്റ്റാർ നയൻതാരയും താരത്തിന്റെ ഭർത്താവും നിർമാതാവുമായ വിഘ്നേശ് ശിവനും. ഒപ്പം ഇവരുടെ മക്കളായ ഉയിരും ഉലകവും ഈ കൈത്താങ്ങിൽ പങ്കാളികളാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇവർ സംഭാവനയായി നൽകിയിരിക്കുന്നത്. നയൻതാര തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
"ഞങ്ങളുടെ മനസ് മുഴുവനും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരായ കുടുംബങ്ങളോടും സമൂഹത്തോടും ഒപ്പമാണ്. അവർ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തിൽ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേർത്തുപിടിക്കേണ്ടതുമായ പ്രാധാന്യത്തെ കുറിച്ച് ഓരോരുത്തരേയും ഓർമിപ്പിക്കുകയാണ്. ഐക്യദാർഢ്യമെന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങൾ വിനീതമായ സംഭാവന നൽകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കാനും പുനർനിർമ്മാണ പ്രക്രിയയിൽ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു", എന്നാണ് നയൻതാരയും വിഘ്നേശും പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്. അവശ്യഘട്ടത്തിൽ എല്ലാ പിന്തുണയും നൽകുന്ന രക്ഷാപ്രവർത്തകരുടെയും അധികാരികളുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ അങ്ങേയറ്റം ഹൃദ്യമാണെന്നും ഇവർ കുറിക്കുന്നു.
അതേസമയം, ഒട്ടനവധി ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. കഴിഞ്ഞ ദിവസം സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം നല്‍കിയിരുന്നു. മോഹന്‍ലാല്‍ 25 ലക്ഷവും മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും ഫഹദു നസ്രിയയും ചേര്‍ന്ന് 25 ലക്ഷവും വിക്രം 20 ലക്ഷം രൂപയും സംഭാവനയായി നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ