
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ നിവിൻ പോളി ചിത്രം പടവെട്ടിന്റെ ടീസർ പുറത്തിറങ്ങി. വികസനം എന്താണ് എന്ന് ചോദിച്ചു കൊണ്ടുള്ള ടീസർ, ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്ന് ഉറപ്പ് നൽകുന്നുണ്ട്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ സണ്ണി വെയ്ൻ ആണ്. നിവിൻ പോളിയുടെ സിനിമാ കരിയറിലെ മറ്റൊരു പൊൻതൂവൽ ആകും ചിത്രമെന്ന് ടീസർ പറഞ്ഞുവയ്ക്കുന്നുണ്ട്. ഒക്ടോബർ 21ന് ചിത്രം റിലീസ് ചെയ്യും.
സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർക്കൊപ്പം ഒരു സുപ്രധാനവേഷത്തിൽ മഞ്ജു വാര്യരുമുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
അതേസമയം, നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. പക്കാ കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിതരം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.