
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ്(Prabhas) നായകനായി എത്തുന്ന 'രാധേ ശ്യാം'(Radhe Shyam). രാധ കൃഷ്‍ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 11ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായി പൂജ ഹെഗ്‍ഡെയും എത്തുന്നു. പ്രഭാസിന്റെ മനോഹരമായൊരു പ്രണയം ചിത്രത്തിൽ കാണാനാകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ രാധേ ശ്യാമിനെ കുറിച്ചും ബാഹുബലി 3യെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് പ്രഭാസ്.
എന്താണ് രാധേ ശ്യാം ?
ഒരു പ്രണയ ചിത്രമാണ് രാധേ ശ്യാം. ലൗ ത്രില്ലർ എന്നും പറയാം. മിസ്ട്രി, ത്രില്ലർ, ആക്ഷന്‍, കൊമേഷ്യൽ എലമെന്റ് എല്ലാം ഉൾപ്പെടുന്നൊരു ചിത്രം. ഇന്ത്യൻ സിനിമയിൽ ആദ്യമായി റെട്രോ വിഷ്വൽസ്(Retro Visuals) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രം കൂടിയാണിത്. വിക്രമാദിത്യൻ മഹാനായ കൈനോട്ടക്കാരനാണ്. പ്രേരണയുടെയും വിക്രമാദിത്യയുടെയും പ്രണയമാണ് പൂർണ്ണമായും രാധേ ശ്യാം. യൂറോപ്പിലും ഇന്ത്യയിലുമായാണ് ചിത്രീകരണം നടന്നത്. ചിത്രീകരണം കുറച്ച് പ്രയാസമേറിയത് ആയിരുന്നു.
കേരളത്തിൽ എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുകയാണ്. നിങ്ങൾ നൽകുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. രാധേ ശ്യാം മികച്ചതാക്കാൻ ഞങ്ങൾ മാക്സിമം ശ്രമിച്ചിട്ടുണ്ട്. നിങ്ങളെ ചിത്രം എന്റർടെയ്ൻ ചെയ്യിക്കുമെന്ന പ്രതീക്ഷയുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു.
പ്രഭാസ് ഇപ്പോൾ തെലുങ്ക് സ്റ്റാർ മാത്രമല്ല, പാൻ ഇന്ത്യൻ സ്റ്റാറ് കൂടിയാണ്. ഇത് ഉത്തരവാദിത്വം കൂട്ടുന്നുണ്ടോ?
പാൻ ഇന്ത്യൻ സ്റ്റാർ എന്ന് പറയുന്നത് വലിയൊരു പദവിയാണ്. എവിടെ പോയാലും പ്രഭാസിനെ ജനങ്ങൾ തിരിച്ചറിയുന്നു. അതൊരു വലിയ അംഗീകാരമാണ്. എന്നാൽ തന്നെയും അതൊരു വലിയെ ഉത്തരവാദിത്തമാണ്. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ആരാധകരെയും സിനിമാസ്വാദകരെയും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുണ്ട്.
ബാഹുബലിയുടെ ഭൂരിഭാഗം സീനുകളും കേരളത്തിലാണ് ഷൂട്ട് ചെയ്തത്. മുമ്പ് കേരളത്തിൽ വന്നിട്ടുണ്ടോ?
ബാഹുബലിയുടെ ആദ്യഭാഗം ഷൂട്ട് ചെയ്തത് അതിരപ്പള്ളിയിലാണ്. ചിത്രത്തിലെ വെള്ളച്ചാട്ടത്തിന്റെ ചിത്രീകരണത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് അവിടം ആണ്. രണ്ടാം ഭാഗം കുറ്റാലത്തും ആലപ്പിയിലും ഷൂട്ട് ചെയ്തിരുന്നു. മുമ്പ് കേരളത്തിലെ സ്ഥലങ്ങളുടെ ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ബാഹുബലിയിലൂടെ ആയിരുന്നു. വളരെ മനോഹരമായൊരു സ്ഥലമാണ് കേരളം.
മലയാള സിനിമകൾ കാണാറുണ്ടോ?
തീർച്ചയായും. ലൂസിഫർ, ട്രാൻസ് എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ ഞാൻ അവസാനം കണ്ട ചിത്രങ്ങൾ. സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി കാണണം. നല്ല സിനിമയാണെന്ന് എല്ലാവരും പറയുന്നുണ്ട്. മമ്മൂട്ടി സർ, മോഹൻലാൽ സർ എന്നിവരെയാണ് ഏറെയിഷ്ടം. നമ്മുടെ രാജ്യത്തിലെ തന്നെ മികച്ച രണ്ട് അഭിനേതാക്കളാണ് ഇരുവരും. പൃഥ്വിരാജിനൊപ്പം സലാർ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചു. മികച്ചൊരു നടനാണ് പൃഥ്വി. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം നൽകിയതിൽ അണിയറപ്രവർത്തകരോട് നന്ദി പറയുന്നു.
ബാഹുബലി 3 പ്രതീക്ഷിക്കാമോ ?
സാധ്യതയുണ്ട്. പക്ഷേ അത് എങ്ങനെ, എപ്പോൾ, എന്നതിനെ കുറിച്ച് എനിക്ക് പറയാൻ സാധിക്കില്ല. രാജമൗലി സാറിന് മാത്രമെ അത് പറയാനാകൂ. അദ്ദേഹം അത് തീരുമാനിക്കും. ഒരുപാട് സാധ്യതകളുള്ള ചിത്രമാണ് ബാഹുബലി. സിനിമയുടെ മൂന്നും നാലും ഭാഗങ്ങൾ ചെയ്യാവുന്നതാണ്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ പറ്റിയും ഞങ്ങൾ ആലോചിച്ചിട്ടുണ്ട്.