2015-ലെ ട്രെൻഡ് സെറ്റർ ചിത്രമായ 'പ്രേമം' വാലന്‍റൈന്‍സ് ഡേ സ്പെഷ്യലായി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു
മലയാളത്തിലെ പ്രണയ സിനിമകള്‍ എടുത്താല്‍ ജനപ്രീതി നേടിയവയുടെ തന്നെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാവും. എന്നാല്‍ പ്രേമം എന്ന ചിത്രത്തിന് അക്കൂട്ടത്തില്‍ ഒരു സ്പെഷല്‍ സ്ഥാനമുണ്ട്. 2015 ല്‍ പുറത്തെത്തിയ സമയത്ത് അത്രയും ട്രെന്‍ഡ് ആയിരുന്നു ഈ ചിത്രം. 10 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന് ലഭിച്ച ജനപ്രീതി അല്‍പംപോലും ഇടിഞ്ഞിട്ടില്ല എന്നതാണ് ഹൈലൈറ്റ്. ഇപ്പോഴിതാ റിലീസിന്‍റെ 11-ാം വര്‍ഷം ലിമിറ്റഡ് റീ റിലീസിന് ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ ചിത്രം. വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ റിലീസ് ആയാണ് ചിത്രം വീണ്ടും കാണികളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.
എവിടെ കാണാം?
പിവിആര്‍ ഐനോക്സ് തിയറ്റര്‍ ശൃംഖലയിലൂടെയാണ് ചിത്രം ഫെബ്രുവരി 13 ന് എത്തുക. ലിമിറ്റഡ് റീ റിലീസ് ആണെങ്കിലും നാല് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രത്തിന് തിയറ്ററുകളുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കര്‍ണാടകത്തില്‍ ബെംഗളൂരു, മംഗളൂരു, തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തെലങ്കാനയില്‍ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിലീസ് സെന്‍ററുകള്‍. ആകെ 14 സെന്‍ററുകളില്‍ ചിത്രം എത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കന്നി ചിത്രമായ നേരത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രേമവുമായി എത്തുന്നത്. ട്രെയ്‍ലര്‍ ഇല്ലാതെ ഒരു പാട്ട് മാത്രം പുറത്തുവിട്ടുകൊണ്ടാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ ഈ ചിത്രം ഒരു ട്രെന്‍ഡ് സൃഷ്ടിക്കും എന്ന പ്രതീതി പ്രേമം ഉണ്ടാക്കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മെയ് 29 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജൂണ്‍ ആദ്യ വാരത്തോടെ മഴയും എത്തി. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും ചിത്രം കാണാന്‍ കാണികള്‍ നിറഞ്ഞെത്തി. കണ്ടവര്‍ കണ്ടവര്‍ ചിത്രത്തിന്‍റെ പബ്ലിസിറ്റി ഏറ്റടുത്തതോടെ ബോക്സ് ഓഫീസിലും ചിത്രം കുതിച്ചു. 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് ഇത്. 73 കോടിയോളം രൂപയാണ് ചിത്രം ആകെ നേടിയത്. ചെന്നൈയിലെ ഒരു തിയറ്ററില്‍ 200-ാം ദിനവും ചിത്രം ആഘോഷിച്ചിരുന്നു. തമിഴ് റീമേക്ക് വേണ്ടെന്ന് തമിഴ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ ക്യാംപെയ്ന്‍ നടത്തിയ ചിത്രവുമായിരുന്നു പ്രേമം.



